കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവ് എവര്‍ട്ടണ്‍ വീക്ക്സ് അന്തരിച്ചു

ജമൈക്ക: വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്സ്മാന്‍ എവര്‍ട്ടണ്‍ വീക്ക്സ് അന്തരിച്ചു. 95 വയസ്സായിരുന്നു. 2019-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ വീക്ക്സിന്റെ അന്ത്യം ബുധനാഴ്ചയായിരുന്നു.

കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന എവര്‍ട്ടണ്‍ വീക്ക്സ് വിന്‍ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച ‘ത്രീ ഡബ്ല്യൂസി’ലെ പ്രധാന താരവുമായിരുന്നു.

1948 മുതല്‍ 1958 വരെ വിന്‍ഡീസിനായി 48 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 58.62 ശരാശരിയില്‍ 4,455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും അടിച്ചുകൂട്ടി. 22-ാം വയസില്‍ കെന്നിങ്ടണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു വീക്ക്സിന്റെ അരങ്ങേറ്റം. ട്രിനിഡാഡില്‍ പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം.

ടെസ്റ്റില്‍ തുടര്‍ച്ചയായ അഞ്ചു സെഞ്ചുറികള്‍ നേടി റെക്കോഡിട്ട താരം കൂടിയാണ് വീക്ക്സ്. ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം അംഗവും കൂടിയാണ്.

വീക്ക്സിന്റെ വിയോഗത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഐ.സി.സിയും അനുശോചനം രേഖപ്പെടുത്തി.

Top