യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് വെസ്റ്റ് ഹാം യുണൈറ്റഡ്

 

പ്രാഗ്: യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ്. ചെക്ക് റിപ്പബ്ലിക്കിലെ ഈഡന്‍ അരീനയില്‍ നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഫിയൊറെന്റീനയെ തകര്‍ത്താണ് വെസ്റ്റ് ഹാം കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.

വെസ്റ്റ് ഹാം 58 വര്‍ഷത്തിനുശേഷം നേടുന്ന ഒരു മേജര്‍ കിരീടമാണിത്. ഫൈനലില്‍ വെസ്റ്റ് ഹാമിനായി സെയ്ദ് ബെന്റാഹ്‌മയും ജറോഡ് ബോവനും ലക്ഷ്യം കണ്ടപ്പോള്‍ ജിയാകോമോ ബോണാവെന്‍ച്യുറ ഫിയോറെന്റിനയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി. വെസ്റ്റ് ഹാം നേടുന്ന രണ്ടാം യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടമാണിത്.

ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ ബെന്റാഹ്‌മയിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് താരം ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. എന്നാല്‍ 67-ാം മിനിറ്റില്‍ മികച്ച ലോങ് റേഞ്ചറിലൂടെ ബോണാവെന്‍ച്യുറ ഫിയോറെന്റിനയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. പിന്നാലെ ഇരുടീമുകളും ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു.

നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ ബോവന്‍ വെസ്റ്റ് ഹാമിന്റെ വിജയനായകനായി മാറി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബോവന്‍ ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലകുലുക്കി. പിന്നാലെ റഫറി ഫൈനല്‍ വിസില്‍ മുഴക്കി. 58 വര്‍ഷത്തിനുശേഷം വെസ്റ്റ് ഹാമിലേക്ക് ഒരു മേജര്‍ കിരീടം.

Top