പൗരത്വ ഭേദഗതി നിയമം ; പ്രക്ഷോഭം കനക്കുന്നു, പശ്ചിമ ബംഗാളിൽ അഞ്ച് ട്രെയിനുകൾക്ക് തീയിട്ടു

മുംബൈ : പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ബംഗാളിലും കനക്കുന്നു. ആളൊഴിഞ്ഞ അഞ്ച് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ഹൗറ ജില്ലയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും പ്രക്ഷോഭകർ തീവെച്ചു നശിപ്പിച്ചു.

പ്രതിഷേധം റെയില്‍വേ ട്രാക്കുകളിലേക്ക് കൂടി വ്യാപിച്ചതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡുകളും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി.

പോരാഡംഗ, ജങ്ഗിപുര്‍, ഫറാക്ക എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. മൂന്ന് സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെ പതിനഞ്ചു ബസുകള്‍ക്ക് തീയിട്ടു.

ഗുഹാഹട്ടിയിൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കർഫ്യു ഇളവ് ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ്‌സേവനങ്ങൾ ഡിസംബർ 16വരെ നിർത്തിവച്ചിരുക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് നേരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. അതേസമയം, അക്രമം തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബംഗാള്‍ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ഹു​ല്‍ സി​ന്‍​ഹ പ്രതികരിച്ചു.

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ പ്രീ​ണ​ന ന‍​യ​മാ​ണ് ബം​ഗാ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരനെപ്പോലെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ ബിജെപിക്ക് താത്പര്യമില്ല. അക്രമം തുടര്‍ന്നാല്‍ മറ്റൊരു മാര്‍ഗമില്ലെന്നും സിന്‍ഹ പറഞ്ഞു.

ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരാണ് ഇവയ്ക്കെല്ലാം പിന്നില്‍. അക്രമം നടത്തരുതെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നുമുള്ള മമതയുടെ പ്രസ്താവന പതിവ് പല്ലവിയാണെന്നും സിന്‍ഹ ആരോപിച്ചു.

Top