മമതയുടെ ചിത്ര രചനയിലൂടെ തൃണമൂല്‍ രണ്ട് വര്‍ഷത്തിനിടെ സമ്പാദിച്ചത് 6.47 കോടി രൂപ !

കൊല്‍ക്കത്ത: ചിത്രകാരികൂടിയായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വരച്ച ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് വര്‍ഷത്തിനിടെ സമ്പാദിച്ചത് 6,46,90,000 കോടി രൂപ. 2011-മുതല്‍ 2013 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് ചിത്രവില്‍പ്പനയിലൂടെ മമത ഇത്രയും തുക സമ്പാദിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ 2013 ന് ശേഷം ഇതുവരെ ചിത്രങ്ങള്‍ വിറ്റ് പാര്‍ട്ടി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നുണ്ട്. 2011ന് മുമ്പും പെയിന്റിങിലൂടെ സമ്പാദ്യമില്ലെന്ന് എന്‍.ഡി.എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തിയ ആദ്യ രണ്ടു വര്‍ഷത്തിലാണ് മമതയുടെ പെയിന്റിങിലൂടെ പാര്‍ട്ടി 6,46,90,000 കോടി രൂപ വരുമാനം നേടിയത്.

മമത വരയ്ക്കുന്ന ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുപോയ സംഭവം സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ വിവാദമായതാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കമ്പനികളാണ് മമതയുടെ പെയിന്റിങുകള്‍ വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മമത തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യാവാങ്മൂലത്തിലൂടെ ഈ ആരോപണം കൂടുതല്‍ ബലപ്പെടുകയാണ്.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മമതക്കെതിരെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പെയിന്റിങ് വില്പനയും ആവശ്യക്കാര്‍ കൂടുമ്പോള്‍ അതിന്റെ വിലകയറ്റവും സാധാരമാണ്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടന്‍ മമത ബാനര്‍ജി പെട്ടെന്ന് വലിയ ചിത്രകാരിയായി മാറുകയായിരുന്നുവെന്നും സിപിഎം എംപി മുഹമ്മദ് സലീം പറഞ്ഞു. എന്നാല്‍ ചിട്ടി കമ്പനി മുതലാളിമാര്‍ ജയിലിലാകുകയോ ഒളിവില്‍ പോകുകയോ ചെയ്തതിന് ശേഷം അവരുടെ ചിത്രത്തിന്റെ ഡിമാന്‍ഡ് കുറയുകയും ചെയ്യുന്നു. ഇത് കൗതുകകരമാണ്- അദ്ദേഹം പറയുന്നു.

പാര്‍ട്ടി ഫണ്ട് പൊതുജനത്തില്‍ നിന്ന് സ്വരൂപിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. പെയിന്റിങുകള്‍ വില്‍പന നടത്തിയാണ് പാര്‍ട്ടി ഫണ്ട് കണ്ടെത്തുന്നതെന്നും അവര്‍ പറഞ്ഞു. എന്നാലിപ്പോള്‍ പെയിന്റിങുകള്‍ വില്‍ക്കുന്നില്ല. പാര്‍ട്ടി ഫണ്ട് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എവിടെ നിന്നാണ് പണം വരുന്നതെന്ന് വെളിപ്പെടുത്തണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുസംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Top