പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

shot-dead

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ഹുമൈപുരിലെ തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനറായ സഫിയുള്‍ ഹസന്‍(43) ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘമാണ് വെടിവെച്ചത്.

ഡവലപ്‌മെന്റ് ഓഫീസിലേക്ക് സ്വന്തം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. അതിനിടെ മറ്റൊരു കാറിലെത്തിയ സംഘം ഹസന്റെ കാര്‍ തടഞ്ഞു നിര്‍ത്തി പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കാറില്‍നിന്നും പുറത്തിറങ്ങിയ ഹസനുനേരെ അക്രമിസംഘം വെടിയുതിര്‍ത്തു. ഹസന്റെ മൃതശരീത്തില്‍നിന്നും 4 വെടിയുണ്ടകള്‍ കണ്ടെത്തി.

ഹുമൈപുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് ഹസന്റെ ഭാര്യ. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയമാണ് കൊലയ്ക്ക് പിന്നിലെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കിയത് ഹസന്റെ കൂടി മികവിലായിരുന്നു.

ഹസന്റെ കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഹസനൊപ്പം ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ കാറുമായി ഇവര്‍ സംഭവസ്ഥലത്ത് നിന്നും കടന്നു.

Top