തദ്ദേശ തിരഞ്ഞെടുപ്പ്; പകുതിയിലധികം സീറ്റുകളില്‍ അധികാരം ഉറപ്പിച്ച് തൃണമുല്‍ കോണ്‍ഗ്രസ്സ്

mamatha-banarji

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പേ വിജയം ഉറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ്. സംസ്ഥാനത്തെ മൂന്നിലൊന്ന് സീറ്റുകളിലും നിലവിലെ ഭരണകക്ഷി കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തെ ആകെയുള്ള 58,692 സീറ്റുകളില്‍ 20,000-ലാണ് തൃണമൂല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബംഗാള്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമാണ് ഇങ്ങനെയൊരു സംഭവം.

അടുത്തമാസം മെയ് 14 ആണ് ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തൃണമൂല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി ആക്രമങ്ങളാണ് നടന്നിരുന്നത്. ഇതിന്റെ ഭാഗമായി തന്നെ നിരവധി പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പട്ടിക നല്‍കാന്‍ എത്തിയിരുന്നില്ല.അതാണ് ഇത്രയധികം സീറ്റുകളില്‍ എതിരില്ലാതെ ജയിക്കാന്‍ തൃണമൂലിനെ സഹായിച്ചത്. ശനിയാഴ്ച ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി.

എകദേശം 20000-ത്തോളം സീറ്റുകളില്‍ മത്സരിക്കാനിരുന്ന പ്രതിപക്ഷ കക്ഷികളാണ് നാമനിര്‍ദ്ദേശ പത്രിക പോലും നല്‍കാതെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളായിരുന്നു ഇതിന് പ്രധാന കാരണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ കക്ഷികള്‍ക്കു നേരേ നിരന്തര പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിര്‍ഹുമിലെ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേല്‍പ്പിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. കൂടാതെ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വാട്‌സാപ്പിലൂടെ അയച്ച നോമിനേഷന്‍ ഫയലില്‍ സ്വീകരിച്ചതായും ആരോപണമുണ്ട്.

Top