സംസ്ഥാന പേരുമാറ്റങ്ങള്‍; പശ്ചിമ ബംഗാള്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ പോര്‍മുഖങ്ങള്‍

സ്വന്തം സംസ്ഥാനത്തിന് ഒരു പുതിയ പേര് വേണം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പേരൊക്കെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇതു വരെ പ്രയോഗത്തിലാക്കാന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയാണ് മമത. പശ്ചിമ ബംഗാള്‍ എന്ന പേര് മാറ്റി ബംഗ്ല എന്നാക്കാന്‍ ജൂലൈ മാസത്തില്‍ തന്നെ സംസ്ഥാന നിയമസഭ ഒന്നടങ്കം തീരുമാനിച്ചതാണ്.

ചരിത്രപരമായ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും എല്ലാം പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നു, എന്നാല്‍ ബംഗാളിന്റെ കാര്യത്തില്‍ മാത്രം തീരുമാനം മന്ദഗതിയിലാകുന്നതിനെ നിശിത വിമര്‍ശനവുമായി മമത ബാമനര്‍ജി രംഗത്തു വന്നു കഴിഞ്ഞു.

പേരുകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. ജനമനസ്സുകളില്‍ ഇടം നേടാന്‍ പേരുകള്‍ പരിചിതമാക്കിയാല്‍ മാത്രം മതി. രാഷ്ട്രീയമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു കുറുക്കു വഴിയാണ് ഇത്. സംസ്ഥാനത്തിന്റെ പേര് മാറ്റണമെങ്കില്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി നടത്തണം. കേവല ഭൂരിപക്ഷമാണ് ഇതിന് ആവശ്യം. സ്വാതന്ത്രലബ്ധിയ്ക്ക് ശേഷം പല സ്ഥലങ്ങളുടെയും പേരുകള്‍ ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്. ഒറീസ്സ ഒഡീഷയായി, മദ്രാസ് ചെന്നൈ ആയി ബോംബെ മുംബൈ ആയി. ബാംഗ്ലൂര്‍ ബംഗളൂരു ആയി. പ്രാദേശിയ വികാരം കണക്കിലെടുത്താണ് ഈ നടപടികളെല്ലാം ഉണ്ടായത്.

ബംഗ്ലാദേശുമായി ബംഗ്ല എന്ന പുതിയ പേരിന് സാമ്യമുണ്ട് എന്നതാണ് പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പഞ്ചാബ് എന്ന പേരില്‍ പാക്കിസ്ഥാനിലും സ്ഥലമുണ്ടെന്നാണ് മമതയുടെ വാദം.

പേരുമാറ്റത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. കഴിഞ്ഞ വര്‍ഷം 25 പേരുമാറ്റങ്ങളാണ് രാജ്യത്ത് നടന്നത്. അലഹബാദും ഫയ്സാബാദും ഇതില്‍ ഉള്‍പ്പെടും. വിവിധ വകുപ്പുകളില്‍ വരുന്ന പേരുമാറ്റ നിര്‍ദ്ദേശങ്ങളില്‍ അതത് വിഭാഗത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിച്ചതിന് ശേഷമാണ് നടപടിയെടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. റെയില്‍വേ, സര്‍വ്വേ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊന്നും ഇതില്‍ എതിരഭിപ്രായമുണ്ടായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിശ്ചയിച്ചിരിക്കുന്ന പുതിയ പേരുകളില്‍ എവിടെയെങ്കിലും വേറെ സ്ഥലമോ സ്ഥാപനങ്ങളോ നിലവിലുണ്ടോ എന്ന് മാത്രമായിരിക്കും ബന്ധപ്പെട്ട വിഭാഗങ്ങള്‍ പരിശോധിക്കുക.

സംഘപരിവാറിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രാദേശിക വാദവും പ്രാദേശിക രാഷ്ട്രീയവും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ബിജെപിയ്ക്ക് കടന്നു വരാന്‍ സാധിക്കാത്തതിന്റെ കാരണങ്ങളില്‍ മുഖ്യ ഘടകം ഇവിടെ സംസാരഭാഷ ഹിന്ദി അല്ല എന്നത് തന്നെയാണ്. പ്രദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതിന്റെ ഒരു കാരണവും അത് തന്നെയാണ്. ഈ വൈകാരികമായ സംഗതി ഉറപ്പിക്കേണ്ടത് മമത ബാനര്‍ജിയ്ക്ക് വളരെ അത്യാവശ്യമാണ്. പ്രാദേശിക വികാരത്തിന്റെ മുദ്രയായി അവര്‍ ഈ പേരു മാറ്റത്തെ കാണുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുന്‍പ് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായിരുന്ന ഷിംല അറിയപ്പെട്ടിരുന്നത് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്നാണ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ പ്രസ്ഥാവിച്ചത്. ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്നവര്‍ അടിച്ചേല്‍പ്പിച്ച സ്ഥലപ്പേരുകള്‍ അംഗീകരിക്കുന്നത് മാനസിക അടിമത്തമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ അമന്‍ പുരിയും അഭിപ്രായപ്പെട്ടിരുന്നു.

സംഘരിവാര്‍ നേതാക്കളുടെയും മറ്റും പേരുകളില്‍ നിരവധി സ്ഥാപനങ്ങളും പദ്ധതികളുമാണ് രാജ്യത്ത് അഞ്ച് വര്‍ഷം കൊണ്ട് ഉയര്‍ന്ന്‌ പൊങ്ങിയത്. ഇതേ രാഷ്ട്രീയം തന്നെയാണ് സംസ്ഥാന സര്‍ക്കാരുകളും പയറ്റുന്നത്.

റിപ്പോര്‍ട്ട്: എ.റ്റി അശ്വതി

Top