West Bengal MLAs give Sonia Gandhi signed affidavit of loyalty

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു.

കൂറുമാറ്റം തടയാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ നിന്ന് മുദ്രപത്രത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

പാര്‍ട്ടി നേതൃത്വത്തോട് വിശ്വസ്തത പുലര്‍ത്തുമെന്നാണ് സത്യവാങ്മൂലത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പാര്‍ട്ടി വിടില്ലെന്നും നൂറുരൂപ പത്രത്തില്‍ എഴുതി നല്‍കിയിട്ടുണ്ട്. 294 അംഗ നിയമസഭയില്‍ 44 സീറ്റുകളാണ് കോണ്‍ഗ്രസിന് ഉള്ളത്.

പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നതിനാണ് ഈ നീക്കം. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ എതിര്‍ക്കേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇത്തരമൊരു നിലപാട് കൈക്കൊണ്ടിരിക്കുന്നത്. സമ്മര്‍ദ്ദത്തിന്റെ പുറത്തല്ല സത്യവാങ്മൂലം നല്‍കിയതെന്ന് നേതാക്കള്‍ പറഞ്ഞു.

ഇത്തരമൊരു പ്രസ്താവന ഒപ്പിട്ടു നല്‍കിയതില്‍ തെറ്റില്ലെന്നും ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും ഇതിനായി നിര്‍ദ്ദേശങ്ങള്‍ ഒന്നും വന്നിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുന്ന കോണ്‍ഗ്രസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്

അതേസമയം തീരുമാനത്തെ ബിജെപി പരിഹസിച്ചു. നടപടി പരിതാപകരവും ജനാധിപത്യ വിരുദ്ധവുമാണെന്നും പറഞ്ഞ ബിജെപി തങ്ങളുടെ പാര്‍ട്ടിയില്‍ ഇത്തരമൊരു സംഭവം നടക്കില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നത പ്രകടിപ്പിക്കാന്‍ നേതാക്കള്‍ക്ക് സ്വതന്ത്ര്യം നല്‍കണമെന്നും ബിജെപി അഭിപ്രായപ്പെട്ടു.

അടുത്തിടെ പാര്‍ട്ടിയിലെ എംഎല്‍എമാരുടെ കൂറുമാറ്റം വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ ഒമ്പത് എംഎല്‍എമാരുടെ കൂറുമാറ്റം വന്‍പ്രതിസന്ധി സൃഷ്ടിക്കുകയും ഒടുവില്‍ കഷ്ടിച്ച് രക്ഷപെടുകയുമായിരുന്നു.

Top