മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

mamata

ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപതി.

ഫോണ്‍ സംഭാഷണത്തിനിടെ ഗവര്‍ണര്‍ തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണമാണ് ഗവര്‍ണര്‍ ശക്തമായി നിഷേധിച്ചത്. മുഖ്യമന്ത്രി പറയുന്നതുപോലെ അധിക്ഷേപകരമായതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഗവര്‍ണര്‍ അറിയിച്ചു.

സംസ്ഥാനത്ത് സമാധാനവും ക്രമസമാധാനവും പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ് താന്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പെരുമാറ്റവും ഭാഷയും തന്നെ അമ്പരപ്പിച്ചു. അതീവ രഹസ്യസ്വഭാവമുള്ള കാര്യങ്ങളാണ് ഫോണ്‍ സംഭാഷണത്തില്‍ പങ്കുവച്ചത്. ഈ സംഭാഷണത്തിലൊരിടത്തും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതായിരുന്നില്ലെന്നും ത്രിപതി പറഞ്ഞു.

ഗവര്‍ണര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി മമത ബാനര്‍ജി ആരോപിച്ചിരുന്നു. ഗവര്‍ണര്‍ തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരത്തില്‍ തന്നോട് സംസാരിക്കാന്‍ പാടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. താന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. താങ്കള്‍ നാമനിര്‍ദേശത്തിലൂടെ പദവിയിലെത്തിയ ആളും. അതിനാല്‍ ഭീഷണിയുടെ സ്വരം വേണ്ടെന്ന് ഗവര്‍ണറോട് അറിയിച്ചതായും മമത പറഞ്ഞു. ഗവര്‍ണര്‍ ബിജെപിയുടെ ബ്ലോക്ക് പ്രസിഡന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Top