പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് മമതയുടെ നെറ്റിയില്‍ പരിക്കേറ്റത്.

ബര്‍ധമാനില്‍ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനര്‍ജി. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കി. ഇതിനിടയിലാണ് അപകടമുണ്ടായത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ അപ്രതീക്ഷിതമായി ഒരു കാര്‍ വന്നപ്പോള്‍, അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടു. ഇതിനിടെ പിന്‍സീറ്റിലിരുന്ന മമത നെറ്റി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നെറ്റിയില്‍ നിസാര പരിക്കുണ്ടെന്നാണ് സൂചന. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Top