‘ഡിഎന്‍എ ടെസ്റ്റ് നടത്താതെ നേതാജിയുടെ ചിതാഭസ്മം സ്വീകരിക്കില്ല’ സി.കെ ബോസ്

കൊല്‍ക്കത്ത: ഡിഎന്‍എ പരിശോധനയില്ലാതെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം സ്വീകരിക്കുകയില്ലെന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടിയും ബംഗാളിലെ ബിജെപി ഉപാദ്ധ്യക്ഷനുമായ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ജപ്പാനിലെ ഒരു ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം നേതാജി സുഭാഷ് ചന്ദ്രബോസിന്റേതാണെന്നാണ് പറയപ്പെടുന്നത്‌.

നേതാജിയുടെ മകള്‍ അനിതാ ബോസ് പഫ് തന്റെ പിതാവിന്റെ ഭൗതികാവശിഷ്ടം ഇന്ത്യയില്‍ തിരിച്ചെത്തിക്കണെമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിനെയും ജാപ്പനീസ് സര്‍ക്കാരിനെയും സമീപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ട് ചന്ദ്രകുമാര്‍ ബോസ് രംഗത്തെത്തിയത്. ഡിഎന്‍എ ടെസ്റ്റില്‍ ഇത് നേതാജിയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ചിതാഭസ്മം സ്വീകരിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്രസമരത്തില്‍ ഇന്ത്യയെ നയിച്ച കരുത്തനായ നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. എന്നാല്‍ അദ്ദേഹത്തന്റെ മരണം സംബന്ധിച്ച അവ്യക്തത ഇന്നും തുടരുകയാണ്.

ടോക്കിയോയിലേയ്ക്കുള്ള വിമാന യാത്രക്കിടെയുണ്ടായ അപകടത്തില്‍ 1945 ആഗസ്റ്റ് 18ന് അദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് ഭൂരിപക്ഷം വിശ്വസിക്കുന്നത്. ഇതനുസരിച്ച്, 1945 മുതല്‍ ജപ്പാനിലെ റങ്കോജി ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുകയാണ്.

Top