കേരളത്തിന് പിന്നാലെ സിഎഎക്കെതിരെ ബംഗാളിന്റെയും പ്രമേയം

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാന്‍ പശ്ചിമ ബംഗാളും.അതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.

ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍ വൈകുന്നതിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി വിമര്‍ശിച്ചിരുന്നു.

പിന്നാലെയാണ് മമത സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന് എതിരെതൃണമൂല്‍ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെയും ഇരു പാര്‍ട്ടികളും പിന്തുണയ്ക്കാനാണ് സാധ്യത.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ പ്രമേയം പാസാക്കിയത്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ശബ്ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്.

Top