വെസ്ലി സ്‌നൈഡര്‍ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ ഇതിഹാസ താരം വെസ്ലി സ്‌നൈഡര്‍ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. മുപ്പത്തഞ്ചാം വയസിലാണ് സ്‌നൈഡല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചിരുന്നു.

ഡച്ച് ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച മധ്യനിര കളിക്കാരില്‍ ഒരാളായിരുന്നു സ്‌നൈഡര്‍. 2003 മുതല്‍ 2018 വരെ ഹോളണ്ട് ദേശീയ ടീം അംഗമായി. 134 മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനായി ബൂട്ടുകെട്ടി.

കരിയറില്‍ അയാക്‌സ്, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, ഗലാറ്റ്‌സറെ, നീസ്, അല്‍ ഗറാഫ എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ച താരം 2010 ലോകകപ്പ് ഫൈനലിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിലും ഉള്‍പ്പെട്ടു. ഫൈനലില്‍ സ്‌പെയിനിനോടു തോറ്റെങ്കിലും ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ നേടി.

ഡച്ച് ലീഗ്, ലാ ലീഗ, സീരി എ കിരീടങ്ങള്‍ നേടിയ താരം 2010-ല്‍ ഹൊസെ മൗറീഞ്ഞോയ്ക്കു കീഴില്‍ ചാന്പ്യന്‍സ് ലീഗ് നേടിയ ഇന്റര്‍ മിലാന്‍ ടീമിലും അംഗമായി.

Top