ഡല്‍ഹി കലാപം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയോ?

ലാപം ആളിപ്പടര്‍ന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയുടെ നിയന്ത്രണം പൊലീസും, അര്‍ദ്ധസൈനിക വിഭാഗങ്ങളും ചേര്‍ന്ന് പിടിച്ചതോടെ കൂടുതല്‍ തെളിവുകളും പുറത്തുവരികയാണ്. കലാപം മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഈ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി തയ്യാറാക്കി, മെച്ചപ്പെടുത്തി, കലാപത്തിനുള്ള സാമഗ്രികള്‍ വരെ സ്വരൂപിച്ച ശേഷമാണ് ഡല്‍ഹി കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ചാന്ദ് ബാഗിലുള്ള വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും പെട്രോള്‍ ബോംബുകളും, കല്ലുകളും, ആസിഡ് നിറച്ച കവറുകളും കണ്ടെത്തിയതോടെയാണ് തെളിവുകള്‍ നിരന്നത്. ശിവ വിഹാര്‍ മേഖലയിലെ ഡിആര്‍പി സ്‌കൂള്‍ പാടെ തകര്‍ന്ന നിലയിലാണ്. ഓരോ മുറിയിലെയും ഫാനുകള്‍ വളച്ച് നിലത്തെറിഞ്ഞ നിലയിലും, ലാബുകള്‍ കത്തിയമര്‍ന്ന സ്ഥിതിയിലുമാണ്. ഐടി ഡിപ്പാര്‍ട്ട്‌മെന്റിലെ കമ്പ്യൂട്ടറുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. എന്നാല്‍ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ അടുത്തുള്ള നാല് നില കെട്ടിടത്തില്‍ (40 അടി ഉയരം) കയര്‍ ഉപയോഗിച്ച് കയറി ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് സ്‌കൂള്‍ തകര്‍ത്തത്.

സ്‌കൂളിന്റെ മുകള്‍ നിലയില്‍ സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് തയ്യാറാക്കിയ വലിയ തെറ്റാലികളും കണ്ടെത്തി. ഇവിടെ നിന്നാണ് സമീപപ്രദേശങ്ങളിലേക്ക് പെട്രോള്‍ ബോംബുകളും, ആസിഡും, കല്ലും തൊടുത്ത് വിട്ടത്. ഏകദേശം നൂറോളം വാഹനങ്ങളാണ് രണ്ട് പാര്‍ക്കിംഗ് പ്രദേശങ്ങളില്‍ കത്തിച്ചാമ്പലായത്. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ഇവ കത്തിച്ചത്.

തട്ടുകടക്കാര്‍ ഉപയോഗിക്കുന്ന ഉന്തുവണ്ടികളും ഇത്തരം വലിയ തെറ്റാലികളായി രൂപമാറ്റം വരുത്തി. ഇവ തെരുവില്‍ വ്യാപകമായി ഉപയോഗിച്ചാണ് നാശനഷ്ടം വര്‍ദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം തെറ്റാലികളുടെ ഉപയോഗം വിരല്‍ചൂണ്ടുന്നത് കലാപത്തിനുള്ള പദ്ധതി മുന്‍കൂട്ടി തയ്യാറാക്കിയെന്ന വസ്തുതയിലേക്കാണ്. കല്ലേറിന് ഉപയോഗിച്ച ഇഷ്ടികകളാണ് മറ്റൊരു ആയുധം.

കലാപം പൂര്‍ത്തിയായപ്പോള്‍ വലിയ മെഷിനറി ഉപയോഗിച്ചാണ് 20 ട്രക്കുകള്‍ നിറച്ച കല്ലും, കട്ടയും നീക്കിയത്. ഇതൊന്നും പെട്ടെന്ന് സ്വരൂപിക്കാന്‍ പറ്റുന്നതല്ലെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. സംഘടിത ഗുണ്ടാ സംഘങ്ങളുടെ ഇടപെടലാണ് പൊലീസ് സംശയിക്കുന്നത്. ഏകദേശം 200 വാട്‌സ്ആപ്പ് ഗ്രൂപ്പുകളും അന്വേഷണം നേരിടുന്നുണ്ട്. ഇതിന് പുറമെ നാടന്‍ തോക്കുകളും വ്യാപകമായി ഉപയോഗിച്ചതും പൊലീസ് അന്വേഷിച്ച് വരികയാണ്.

Top