ഇന്ത്യ അടുത്ത യുദ്ധം വിജയിക്കുന്നത് തദ്ദേശീയ ആയുധങ്ങളിലൂടെ ആയിരിക്കുമെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യ അടുത്ത യുദ്ധം വിജയിക്കുന്നത് തദ്ദേശീയ ആയുധങ്ങളിലൂടെ ആയിരിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിരോധത്തിനായുള്ള സംവിധാനങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന മുന്നേറ്റം നടത്തിയെന്നും 41-ാമത് ഡിആര്‍ഡിഒ ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കവേ കരസേന മേധാവി പറഞ്ഞു.

എയറോനോട്ടിക്‌സ്, ലാന്‍ഡ് കോന്‍പാറ്റ് എഞ്ചിനീയറിംഗ്, ആയുധങ്ങള്‍, ഇലക്ട്രോണിക്‌സ്, മിസൈലുകള്‍, നാവിക സംവിധാനങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സൈന്യത്തിന്റെ ഗവേഷണവും വികസനവും 52 ലബോറട്ടറികളുടെ ശൃംഖലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഡിആര്‍ഡിഒയുടെ ചുമതലയാണ്.

രാജ്യത്തെ പ്രതിരോധ വ്യവസായം വളര്‍ന്നുവരുന്ന വ്യവസായമാണെന്നും ഭാവിയിലെ യുദ്ധത്തിനുള്ള സംവിധാനങ്ങളുടെ വികസനം പരിശോധിക്കാനും നോണ്‍കോണ്ടാകട് യുദ്ധത്തിന് തയ്യാറെടുപ്പ് ആരംഭിക്കാനും സമയമായെന്നും കരസേനാ മേധാവി പറഞ്ഞു.

കൃത്രിമബുദ്ധിയ്‌ക്കൊപ്പം സൈബര്‍, ബഹിരാകാശ സാങ്കേതികവിദ്യ, ലേസര്‍, ഇലക്ട്രോണിക് യുദ്ധം, റോബോട്ടിക്‌സ് എന്നിവയുടെ വികസനത്തിലാണ് ഭാവിയെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

Top