വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളി; ഹമീദ് വാണിയമ്പലം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. ഇതൊരു പ്രാദേശിക നീക്കുപോക്കാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലോ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരിക്കില്ലെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനായി ഞങ്ങള്‍ ആരെയും സമീപിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു രാഷ്ട്രീയം ഉണ്ട്. ഒരു ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്ക് ഒരിക്കലും വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണയ്ക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും നീക്കുപോക്കിന് പോകില്ല, ഒറ്റയ്ക്ക് മത്സരിക്കും’ ഹമീദ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കു നടത്തിയതെന്നും ഇപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാനായി തങ്ങളെ പഴി ചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നതെന്നും ഹമീദ് പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും എഐസിസിയുടെ നിര്‍ദ്ദേശം പാലിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്.

Top