ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്ക് വരവേല്‍പ്പ്

 

നെടുമ്പാശേരി: തീരസംരക്ഷണ സേനയ്ക്കു ലഭിച്ച രണ്ട് അത്യാധുനിക ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്ക് (എഎല്‍എച്ച് മാര്‍ക് 3) വരവേല്‍പ്. നെടുമ്പാശേരിയിലെ കോസ്റ്റ് ഗാര്‍ഡ് എയര്‍ എന്‍ക്ലേവിലെത്തിച്ച ഹെലികോപ്റ്ററുകളെ സേനാ ആചാരപ്രകാരം പരമ്പരാഗതരീതിയില്‍ ജലപീരങ്കി സല്യൂട്ട് നല്‍കി സ്വീകരിച്ചു.

ബംഗളൂരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡില്‍ (എച്ച്എഎല്‍) തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്റ്ററുകള്‍ ഇതോടെ കൊച്ചി കോസ്റ്റ് ഗാര്‍ഡിന്റെ 845 ആം സ്‌ക്വാഡ്രന്റെ ഭാഗമായി.
ഇതോടെ പത്ത് ഹെലികോപ്റ്ററുകള്‍ സേനയുടെ കൈവശമെത്തി. എച്ച്എഎലില്‍നിന്ന് ആകെ 16 ഹെലികോപ്റ്ററുകളാണ് കോസ്റ്റ് ഗാര്‍ഡ് വാങ്ങുന്നത്.

അതിനൂതന സെന്‍സറും ആയുധങ്ങളുമുള്ള എംകെ 3 ഹെലികോപ്റ്ററുകള്‍ സമുദ്ര നിരീക്ഷണ രംഗത്തു കൊച്ചി കോസ്റ്റ് ഗാര്‍ഡിനു കൂടുതല്‍ കരുത്ത് പകരും. യുദ്ധരംഗത്തും പ്രകൃതി ദുരന്തവേളകളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും കരുത്തു തെളിയിച്ചിട്ടുള്ള ഹെലികോപ്റ്ററാണു ധ്രുവ്. ഉയരമേറിയ ദുര്‍ഘട പര്‍വത പ്രദേശങ്ങളിലേക്കു പറന്നെത്താനുള്ള കഴിവ് ഇതിനുണ്ട്.

Top