കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ, പൊതുഗതാഗതം അനുവദിക്കില്ല

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ. പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസര്‍വ്വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവര്‍ക്ക് തിരിച്ചറിയില്‍ രേഖ കാണിച്ച് യാത്ര ചെയ്യാം. ബംഗളൂരു നഗരത്തില്‍ കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

സ്‌കൂളുകളും കോളേജുകളും ദിവസങ്ങള്‍ക്ക് മുമ്പ് അടച്ചിരുന്നു. ടിപിആര്‍ എട്ട് ശതമാനത്തിന് മുകളിലേക്ക് പോയതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. 24 മണിക്കൂറിനിടെ 8449 പേര്‍ക്ക് കൂടിയാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂര്‍ണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Top