വിവാഹത്തിന് വധുവിന് സ്വർണ്ണം വാങ്ങാൻ ഓരോ കുടുംബത്തിനും 30,000 രൂപ

ദിസ്പൂര്‍: ഓരോ കുടുംബത്തിനും വിവാഹത്തിന് വധുവിന് സ്വര്‍ണ്ണം വാങ്ങാന്‍ 30,000 രൂപ വാഗ്ദാനം ചെയ്ത് അസം സര്‍ക്കാര്‍. പുതുതായി അവതരിപ്പിച്ച അരുന്ധതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെണ്‍കുട്ടികള്‍ക്ക് ഈ ആനുകൂല്യം നല്‍കുക.

അരുന്ധതി പദ്ധതി മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും അസം ധനകാര്യ മന്ത്രി ഡോ. ഹിമന്ത ബിസ്വ ശര്‍മ്മ പറഞ്ഞു. ചടങ്ങുകളോടെ രജിസ്റ്റര്‍ ചെയ്ത് വിവാഹം കഴിക്കുന്ന വധുവിന് പത്ത് ഗ്രാം സ്വര്‍ണ്ണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്ത്രീക്ക് 18ഉം പുരുഷന് 21ഉം വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ രജിസ്റ്റര്‍ ഓഫീസില്‍ പോയി നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. പ്രായപൂര്‍ത്തിയായാല്‍ മാത്രം പോര, വധുവും വരനും പത്താം ക്ലാസ്സ് പാസ്സായിരിക്കുകയും വേണം. പത്താം ക്ലാസ് പാസ്സായ, നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ മാത്രമെ ആനുകൂല്യത്തിന്റെ പരിധിയില്‍ പെടുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ജനുവരി ഒന്നിന് പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

ശൈശവവിവാഹം തടയുക, സ്ത്രീ ശാക്തീകരണം ഊര്‍ജ്ജിതമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് അരുദ്ധതി പദ്ധതിക്ക് തുടക്കമിട്ടത്. ഒരു വര്‍ഷം 800 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവരും പദ്ധിതിയുടെ പരിധിയില്‍ ഉള്‍പ്പെടും. ആദ്യമായി വിവാഹം കഴിക്കുന്നവര്‍ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹരായിരിക്കുക. ആദിവാസികള്‍ക്കും തേയില തോട്ടം തൊഴിലാളികള്‍ക്കും പ്രായത്തിലും വിദ്യാഭ്യാസത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

Top