വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം;7 പേര്‍ മരിച്ചു

രാജപുരം: കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പാണത്തൂര്‍- സുള്ള്യ റോഡില്‍ പരിയാരത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആദര്‍ശിന്റെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.

കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു.

ബസ്സില്‍ 56 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലിസും രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടിട്ടുണ്ട്.

ബസ്സപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പാണത്തൂര്‍ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

Top