വെള്ളവും വെളിച്ചവുമില്ലാത്ത ഈ ഗ്രാമത്തില്‍ വിവാഹമെത്തിയത് 22 വര്‍ഷങ്ങള്‍ക്കു ശേഷം

wedding

ധോല്‍പുര്‍: 22 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം രാജസ്ഥാന്‍ ധോല്‍പുരിലെ രാജ്ഘട്ട് ഗ്രാമത്തില്‍ വിവാഹപ്പന്തലൊരുങ്ങി. 1996നു ശേഷം രാജ്ഘട്ട് ഗ്രാമത്തില്‍ വിവാഹമെത്തിയിരിക്കുകയാണ്. പവന്‍ കുമാര്‍ എന്ന യുവാവാണ് തന്റെ വിവാഹത്തോടെ ഗ്രാമത്തില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. അങ്ങനെ വിവാഹം നടക്കാത്ത ഗ്രാമം എന്ന അപഖ്യാതിയില്‍ നിന്ന് പവന്റെ വിവാഹത്തോടെ ആ ഗ്രാമം മുക്തമാവുകയാണ്.

ധോല്‍പുര്‍ ജില്ലാ ആസ്ഥാനത്തു നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്കെത്താന്‍ മതിയായ ഗതാഗത സൗകര്യമോ ആവശ്യത്തിന് കുടിവെള്ളമോ വൈദ്യുതിയോ ഇല്ല. ഗ്രാമത്തിലെ ഒരാണ്‍കുട്ടിയുമായും തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ രക്ഷിതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല. സൗകര്യങ്ങളൊന്നും തന്നെയില്ലാത്ത ഈ ഗ്രാമത്തിലേക്ക് വിവാഹിതരായി വരാന്‍ സ്ത്രീകള്‍ തയാറാകാത്തതാണ് ഈ ഗ്രാമത്തില്‍ ഇത്രയും നാള്‍ വിവാഹം നടക്കാതിരിക്കാന്‍ കാരണം.

വികസനത്തിന്റെ പേരില്‍ ഇവിടേക്കെത്തിയത് ഒരു പ്രൈമറി സ്‌കൂളും ചെളിവെള്ളം മാത്രം വരുന്ന ഒരു ഹാന്‍ഡ് പമ്പുമാണ്. മുന്നൂറോളം ആളുകള്‍ ഇവിടെ കുടിലുകളില്‍ കഴിയുന്നു. 125 സ്ത്രീകളുള്ള ഗ്രാമത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ സ്വന്തം പേരു പോലും ശരിയായി എഴുതാനറിയൂ. ജീവിതത്തില്‍ ഒരു ടിവിയോ റഫ്രിജറേറ്ററോ കണ്ടിട്ടില്ലാത്തവരാണ് ഈ ഗ്രാമത്തിലെ സ്ത്രീകള്‍.

Top