കാലാവസ്ഥ അറിയിപ്പ്; അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റ് സാധ്യതയും; 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം നാളെ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് ഡിസംബര്‍ 3 ന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. ഇതില്‍ തന്നെ തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴ സാധ്യതയെന്നാണ് സൂചന.

അതി തീവ്രന്യൂനമര്‍ദ്ദ സാധ്യതയുടെ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തിലെ 3 ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇപ്പോള്‍ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ഉണ്ടായിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ഡിസംബര്‍ 3-ഓടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇത് പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 2 നു അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും തുടര്‍ന്ന് ഡിസംബര്‍ 3 നു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 4 വൈകുന്നേരത്തോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
01-12-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Top