പ്രളയം; സംസ്ഥാന സർക്കാറിനെ വെട്ടിലാക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ‘ തിരുത്തി’ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ രംഗത്ത്.

കേരളത്തിലെ കാലാവസ്ഥ പ്രവചനവും മുന്നറിയിപ്പും കൃത്യമായും രേഖാമൂലവും അധികൃതരെ അറിയിച്ചിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി.

വ്യക്തമായ മുന്നറിയിപ്പു നല്‍കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനു സാധിച്ചില്ലന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളിക്കൊണ്ട് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

8,9 തീയതികളില്‍ മഴ ശക്തമായിരിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡയറക്ടര്‍ പറഞ്ഞു. 14,15 തീയതികളില്‍ സ്ഥിതി വളരെ മോശമായതിനെത്തുടര്‍ന്ന് പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി. ശക്തമായി മഴ പെയ്ത എല്ലാ ജില്ലകളിലും നേരത്തെ തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ കാര്യങ്ങളും രേഖാമൂലം അറിയിച്ചിരുന്നെന്നും ഡയറക്ടര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ നിന്ന് അനുമതി ലഭിക്കുന്നതനുസരിച്ച് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക നിയമഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്. നിരീക്ഷണ കേന്ദ്രത്തിന് അതിശക്തമായ മഴ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് ശക്തമായ മഴ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയാണ്. എന്നാല്‍ 20 സെന്റീമീറ്റര്‍ വരെയുള്ള അതി തീവ്രമായ മഴയെക്കുറിച്ച് ഓഗസ്റ്റ് മാസത്തിലൊന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയില്ല. ഓഗസ്റ്റ്‌ 1 മുതല്‍ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് മാത്രമാണ് കേന്ദ്രം പറഞ്ഞിരുന്നതെന്നും 15 മുതല്‍ ശരാശരി 9.85 സെന്റീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രവചിച്ചിരുന്നതെന്നും എന്നാല്‍ 35.22 സെന്റീമീറ്റര്‍ മഴയാണ് അന്ന് പെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാലാവസ്ഥാ കേന്ദ്രത്തിന്റെ അപാകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും പിണറായി നിയമസഭയില്‍ പ്രസ്ഥാവിച്ചിരുന്നു.

Top