കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തല്‍ക്കാലം മതാചാരവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല

ബംഗളുരു: കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തല്‍ക്കാലം മതാചാരവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരണം. ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 14ലേക്ക് മാറ്റി.

ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശം. സമാധാനം തകര്‍ക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല, സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്.

ബംഗളുരു സിറ്റിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധപ്രകടനങ്ങളും സര്‍ക്കാര്‍ വിലക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഉച്ച തിരിഞ്ഞ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിച്ചത്. ഹൈക്കോടതിയില്‍ നിന്ന് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ രാവിലെ സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് വരുന്നത് വരെ അന്തിമതീരുമാനം എടുക്കേണ്ടതില്ലെന്നാണ് സംസ്ഥാനമന്ത്രിസഭയുടെയും തീരുമാനം.

Top