കോവിഡിനെ തടയാന്‍ സാമൂഹിക അകലത്തേക്കാള്‍ ഫലപ്രദം മുഖാവരണം ?

വാഷിങ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിച്ചത് വഴി പതിനായിരക്കണക്കിന് ആളുകള്‍ വൈറസ് ബാധയില്‍ നിന്ന് രക്ഷപെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മാസ്‌ക് ധരിക്കുന്നത് വളരെ പ്രധാനമാണെന്നാണ് അമേരിക്കയിലെ ദി പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്താമക്കുന്നുണ്ട്.

ഏപ്രില്‍ 6 ന് വടക്കന്‍ ഇറ്റലിയിലും ഏപ്രില്‍ 17 ന് ന്യൂയോര്‍ക്ക് നഗരത്തിലും മാസ്‌ക് നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയതോടെ രോഗബാധ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ന്യൂയോര്‍ക്കില്‍ മുഖാവരണം നിര്‍ബന്ധമാക്കുന്നത് വഴി ഏപ്രില്‍ 17 മുതല്‍ മെയ് 9 വരെ രോഗബാധിതരുടെ എണ്ണം 66,000 ത്തോളമാണ് കുറഞ്ഞത്. മാസ്‌ക് ഉപയോഗിച്ചതിലൂടെ ഏപ്രില്‍ 6 മുതല്‍ മെയ് 9 വരെ ഇറ്റലിയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 78,000 ഓളം കുറവുണ്ടായതായും ഗവേഷകര്‍ പറയുന്നു.

ന്യൂയോര്‍ക്കില്‍ മാസ്‌ക് ധരിക്കുന്നത് പ്രാബല്യത്തില്‍ വന്നപ്പോള്‍, പ്രതിദിനം പുതിയ അണുബാധ നിരക്കില്‍ 3ശതമാനമാണ് കുറവ് വന്നത്. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ദിവസേന പുതിയ രോഗികള്‍ വര്‍ധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇറ്റലിയിലും ന്യൂയോര്‍ക്ക് നഗരത്തിലും മാസ്‌ക് ധരിക്കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് നേരിട്ടുള്ള സമ്പര്‍ക്ക മുന്‍കരുതലുകള്‍ക്കായി സാമൂഹിക അകലം, ക്വാറന്റീന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ മുന്‍ കരുതലുകളെല്ലാം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാന്‍ മാത്രമേ സഹായിക്കൂകയുള്ളുയെന്നും, അതേസമയം മാസ്‌ക് ധരിക്കുന്നത് വായുവിലൂടെ രോഗം പകരുന്നത് തടയാന്‍ സഹായിക്കുക്കുമെന്നുമാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Top