മഹാമാരിയെ പ്രതിരോധിക്കാന്‍ അഞ്ച് കാര്യങ്ങള്‍; അഞ്ച് ലക്ഷം കോടി ഡോളര്‍ ചെലവാക്കാന്‍ ജി20

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് 19 ശേഷമുള്ള സാഹചര്യം നേരിടാന്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ വിപണിയിലേക്ക് ഇറക്കാന്‍ ജി 20 ഉച്ചകോടിയില്‍ തീരുമാനമായി. വരാന്‍പോകുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി അതിജീവിക്കാനും യോഗം തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.

യോഗത്തില്‍ സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ നടപടികള്‍ എടുക്കുക, ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക, ലോക സമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനഃസ്ഥാപിക്കുക, സഹായം ആവശ്യമായ എല്ലാ രാജ്യങ്ങളെയും പിന്തുണക്കുക. പൊതുജന ആരോഗ്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുക. തുടങ്ങിയ അഞ്ച് തീരുമാനങ്ങളാണ് ജി20യില്‍ എടുത്തത്.

മഹാമാരി തടയാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനുള്ള ചെലവ് വഹിക്കുമെന്നും ജി 20 പ്രഖ്യാപിച്ചു. പ്രതിരോധ മരുന്നുകള്‍ കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ ഗവേഷണത്തിന് ആവശ്യമായ വിഭവങ്ങളെല്ലാം നല്‍കും. സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്താന്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ ജി 20 അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി വിപണിയിലേക്ക് ഇറക്കും. മഹാമാരിയെ ഒന്നിച്ച് അതിജീവിക്കുമെന്നും ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കുമെന്നും പ്രസ്താവന പറയുന്നു.

Top