We will do everything possible to get Kulbhushan Jadhav justice: Rajnath Singh

ന്യൂഡല്‍ഹി: മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിന് പാക് കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

വധശിക്ഷയ്ക്ക് എതിരെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇറാനില്‍ നിന്നാണ് പാക് ഏജന്‍സി യാദവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് റോ ചാരനായി കണക്കാക്കി വിചാരണ ആരംഭിച്ചു. യാദവിന്റെ കൈയില്‍ നിന്നും കണ്ടെത്തിയ പാസ്‌പോര്‍ട്ട് അദ്ദേഹം ചാരനല്ലെന്ന് വ്യക്തമാക്കുന്നതാണ്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളും നീതിയും ലംഘിക്കപ്പെട്ടിരിക്കുകയാണ്. കുല്‍ഭൂഷണ്‍ യാദവിന് നീതി കിട്ടാന്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ ചാരനാണെന്ന് പാകിസ്ഥാന്‍ മുടന്തന്‍ ന്യായം പറയുകയാണ്. പിന്നെന്താണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. കുല്‍ഭൂഷണിനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് കരുതുമെന്ന് മല്ലികാര്‍ജുന ഖാര്‍ഗേ പറഞ്ഞു.

അതേസമയം, കുല്‍ഭൂഷണ്‍ അപരാധി ആണെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമായി ഇതിനെ കണക്കാക്കും. അനാവശ്യമായ കുറ്റങ്ങളാണ് യാദവിന് എതിരെ ആരോപിക്കുന്നത്. അദ്ദേഹത്തിന് എതിരെയുള്ള നടപടി അപഹാസ്യമാണ്. നീതീകരിക്കാനാവാത്തതാണ്. ഇന്ത്യന്‍ പൗരനെ രക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നയതന്ത്രതലത്തിലുണ്ടാവുമെന്ന് പാകിസ്ഥാന്‍ ഓര്‍ക്കണമെന്നും രാജ്യസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

പാകിസ്ഥാന് എതിരെ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ യാദവിനെ തിരിച്ചുകൊണ്ടു വരണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Top