“ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും:വോട്ടര്‍മാര്‍ക്ക് നന്ദി”-മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തോടൊപ്പം നിന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികളോട് ഹാർദമായി നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

“ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിന്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു തുടരാനായി എന്നത് നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ജനാധിപത്യ മൂല്യങ്ങളും വർഗീയ- അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടന്ന കേരളത്തിന്റെ അഖണ്ഡതയും, ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്.” മുഖ്യമന്ത്രി കുറിച്ചു.

സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകുമെന്ന ശുഭാപ്തി വിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

 

Top