‘മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെങ്കില്‍ സന്തോഷം’; സ്വാഗതം ചെയ്ത് അമേരിക്ക

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏത് ശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. ‘യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഇനിയും സമയമുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന ഏത് ശ്രമത്തേയും അംഗീകരിക്കും- യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ലീഡർഷിപ്പ് മീറ്റിങ്ങിൽ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ സ്വാഗതം ചെയ്താണ് യുഎസിന്റെ പ്രതികരണം.

ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.

‘യുക്രൈനിലെ മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏക കാരണം പുടിനാണ്. അദ്ദേഹം യുക്രൈന്റെ ഊർജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയാണ്. വൈദ്യുതി മേഖല തകർത്ത് യുക്രൈൻ ജനതയെ ഇരുട്ടിലാക്കാൻ ശ്രമിക്കുയാണ്.’- ജോൺ കിർബി പറഞ്ഞു.

അതേസമയം, യുക്രൈനിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങൾ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിർത്ത് റഷ്യ വീണ്ടും രംഗത്തെത്തി. ഇത് യുദ്ധം അന്തമായി നീളുന്നതിന് കാരണമാകുമെന്ന് റഷ്യ കുറ്റപ്പെടുത്തി.

Top