എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി സ്വീകരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ലെന്നും ഉറപ്പ് നല്‍കി.

സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആയിരകണക്കിന് ആളുകള്‍ ചികിത്സ കിട്ടാതിരിക്കുകയാണ്. എല്ലാ ഡോക്ടര്‍മാരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു. മന്ത്രിമാരേയും പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരേയും ചര്‍ച്ചയ്ക്ക് അയക്കാം. ഇന്നലെ അവര്‍ അഞ്ച് മണിക്കൂറോളം ചര്‍ച്ചയ്ക്കായി കാത്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വന്നില്ല. ഭരണഘടനാ സംവിധാനങ്ങളോട് ബഹുമാനം വേണമെന്നും മമത പറഞ്ഞു.

ബംഗാളില്‍ ഒരു രോഗിയുടെ ബന്ധുക്കള്‍ ഒരു ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം ആരംഭിച്ചത്. പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരുന്നു.ഇതിനിടെ ഡോക്ടര്‍മാരുടെ പ്രതിനിധികളെ മമത ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാര്‍ നിരസിച്ചു. മര്‍ദ്ദനമേറ്റ ഡോക്ടറെ സന്ദര്‍ശിക്കാനും അവിടെ വെച്ച് ചര്‍ച്ച നടത്താനും സമരക്കാര്‍ മമതയോട് ആവശ്യപ്പെട്ടു.

Top