ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും ‘ഏറെ അകലെ’; സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത്

മുന്‍ സൈനിക മേധാവിയും, പുതിയ ഡിഫന്‍സ് സ്റ്റാഫ് ചീഫുമായ ജനറല്‍ ബിപിന്‍ റാവത്തിന് രാഷ്ട്രീയപരമായ നിലപാടുകളുണ്ടോ? ഏറെ ദിവസമായി നടക്കുന്ന ചര്‍ച്ചകളില്‍ തന്റെ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുന്നത് ജനറല്‍ റാവത്ത് തന്നെയാണ്. ആരോപണങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ‘ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നാണ് നില്‍ക്കുന്നത്, വളരെ ദൂരെ’, എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

‘അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്’, ജനറല്‍ റാവത്ത് പറഞ്ഞു. രാജ്യത്തിന്റെ ആദ്യ സിഡിഎസ് ആയി നിയോഗിക്കപ്പെട്ട ജനറല്‍ റാവത്ത് മൂന്ന് സൈനിക വിഭാഗങ്ങളെയും സംയോജിപ്പിച്ച്, ഒരു ടീമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുകയെന്ന് കൂട്ടിച്ചേര്‍ത്തു.

സൈനിക മേധാവിയായി വിരമിക്കുന്നത് തൊട്ടുമുന്‍പാണ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം ചെയ്യുന്ന നേതൃത്വങ്ങള്‍ക്ക് എതിരെ അദ്ദേഹം നിലപാട് വ്യക്താക്കിയത്. വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് ജനറല്‍ റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘ആളുകളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍, നിരവധി യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ത്ഥികളെ ഈ വിധം നയിക്കുന്നത് കാണാം. ഇത്തരത്തില്‍ നഗരങ്ങളിലും പട്ടണങ്ങളിലും കൊള്ളിവെയ്പ്പും, അതിക്രമങ്ങളിലേക്കുമാണ് നയിക്കുന്നത്’, ജനറല്‍ റാവത്ത് കുറ്റപ്പെടുത്തി.

ആരോപണം പൗരത്വ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ഡിസംബര്‍ 31നാണ് ഇന്ത്യയുടെ ആദ്യത്തെ ഡിഫന്‍സ് സ്റ്റാഫ് ചീഫായി ജനറല്‍ റാവത്ത് അധികാരമേറ്റത്. ഡല്‍ഹി ദേശീയ യുദ്ധസ്മാരകത്തില്‍ സ്മരണാജ്ഞലി അര്‍പ്പിച്ച ശേഷമായിരുന്നു ഇത്.

Top