തമിഴകത്ത് വിജയ് നിര്‍ണ്ണായകമാകും, മുന്നറിയിപ്പു നല്‍കി പ്രശാന്ത് കിഷോര്‍ !

ളപതി വിജയ് യെ പിണക്കുന്നവര്‍ക്ക്, വലിയ നഷ്ടമായി 2021 മാറുമെന്ന് പ്രശാന്ത് കിഷോര്‍.

ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനോടാണ് ഇക്കാര്യം, രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശ്വസനീയമായ കേന്ദ്രങ്ങളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യതയെന്നാണ്, പ്രശാന്തിന്റെ വിലയിരുത്തല്‍.

ഐ.ടി ഡിപ്പാര്‍ട്ട് മെന്റിന്റെ റെയ്ഡും ബി.ജെ.പി ഉപരോധവും, ദളപതിയുടെ സ്വീകാര്യതയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് പ്രശാന്തിന്റെ ഉപദേശം.

റെയ്ഡിനും ബി.ജെ.പി ഉപരോധത്തിനും എതിരെ, ഡി.എം.കെ രംഗത്ത് വരാതിരുന്നതും തന്ത്രപരമാണ്. വിജയ് സ്വീകരിക്കാനിടയുള്ള രാഷ്ട്രീയ നിലപാടിലുള്ള അവ്യക്തതയായിരുന്നു ഇതിനു കാരണം.

എന്നാല്‍ ജനരോഷം കേന്ദ്രത്തിന് എതിരായപ്പോള്‍, പതുക്കെ ഡി.എം.കെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ഡി.എം.കെ അംഗം ദയാനിധിമാരന്‍ വിഷയം ഉന്നയിച്ചത് ഇതോടെയാണ്.

ദളപതിയുടെ ആരാധക കരുത്തിനെ ഡി.എം.കെയും, ശരിക്കും ഭയക്കണമെന്നതാണ് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്. താന്‍ മുന്‍പ് ഇടപെട്ട ഒരു സംസ്ഥാനത്തും ഇല്ലാത്ത സാഹചര്യത്തെയാണ് തമിഴകത്തിപ്പോള്‍ പ്രശാന്ത് കിഷോര്‍ നേരിടുന്നത്.

ആന്ധ്രയില്‍ സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ നയിച്ച സഖ്യത്തെ പോലും മറികടന്ന് വിജയിക്കാന്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിരുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പദയാത്ര ഇക്കാര്യത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തിയത്. യാത്രയുടെ അനിവാര്യത ജഗനെ ബോധ്യപ്പെടുത്തിയതും പ്രശാന്ത് കിഷോറായിരുന്നു. ചന്ദ്രബാബു നായിഡു സര്‍ക്കാറിന്റെ അഴിമതിയും, പദയാത്രയില്‍ തുറന്ന് കാട്ടുകയുണ്ടായി.

ഇത്തരത്തിലൊരു യാത്ര തമിഴകത്തും നടത്തണമെന്ന നിര്‍ദ്ദേശവും പ്രശാന്ത് കിഷോര്‍ സ്റ്റാലിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ യാത്ര കൊണ്ട് എത്രമാത്രം പ്രയോജനം ഉണ്ടാകുമെന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയായിട്ടില്ല.

തമിഴകത്തെ ഇളക്കിമറിച്ച് രജനി നടത്തുന്ന യാത്രയെ മറികടക്കാന്‍ കഴിഞ്ഞില്ലങ്കില്‍, തുടക്കത്തിലേ ‘പണി പാളും’.

ലോകസഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും മാനദണ്ഡമാക്കരുതെന്നാണ്, പ്രശാന്ത് കിഷോറിന്റെ മറ്റൊരു നിര്‍ദ്ദേശം. ആ സാഹചര്യമല്ല നിയമസഭ തിരഞ്ഞെടുപ്പിലെന്ന ബോധ്യത്തില്‍, പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം.

രാജ്യം കണ്ട വലിയ രാഷ്ട്രീയ തന്ത്രജ്ഞനെ പോലും, ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത് ദളപതിയാണ്.വിജയ് എന്ത് നിലപാട് സ്വീകരിച്ചാലും ആ ഭാഗത്ത് മുന്‍തൂക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തമിഴകത്ത്, താരങ്ങള്‍ ചെലുത്തുന്ന സ്വാധീനം, ശരിക്കും പഠിച്ചിട്ട് തന്നെയാണ് പ്രശാന്ത് കിഷോര്‍ തന്ത്രങ്ങളൊരുക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പ്രത്യേകതയാണിത്.

നിലവില്‍ തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ദളപതിക്കാണ്. പുതുതലമുറയില്‍ വിജയ് ചൊലുത്തിയ സ്വാധീനമാണ് ഇതിന് പ്രധാന കാരണം.

ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും വേട്ടയാടിയതോടെ ന്യൂനപക്ഷ പിന്തുണയും അദ്ദേഹത്തിന് വര്‍ദ്ധിച്ചിട്ടുണ്ട്. സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ മുന്നിലുള്ള ഡി.എം.കെയെ, ആശങ്കപ്പെടുത്തുന്ന പിന്തുണയാണിത്.

ഡി.എം.കെ കിട്ടുമെന്ന് ഉറപ്പിച്ച വോട്ട് ബാങ്കില്‍ കൂടിയാണ്, വിജയ് ഇപ്പോള്‍ കൈവച്ചിരിക്കുന്നത്.

മാസ്റ്റര്‍ സിനിമ ലൊക്കേഷന്‍ ഉപരോധിച്ച ബി.ജെ.പി സമരമാണ് ദളപതി ആരാധകരെ കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുന്നത്.

‘സാധാരണ മാസ്റ്ററാകാന്‍ താല്‍പ്പര്യപ്പെടുന്ന ദളപതിയെ നിങ്ങള്‍ ഹെഡ്മാസ്റ്ററാക്കും ‘ എന്ന പോസ്റ്ററുകള്‍ തമിഴകത്തിപ്പോള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായും ഈ പോസ്റ്ററുകള്‍ വിലയിരുത്തപ്പെടുന്നുണ്ട്.

വിജയ് രാഷ്ട്രിയത്തില്‍ ഇറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്. വിജയ് ഫാന്‍സ് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയാല്‍ അത് നിലവിലെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കും.

അതല്ലങ്കില്‍ 96-ല്‍ രജനി സ്വീകരിച്ചതു പോലെ സര്‍ക്കാറിനെതിരായ ഒരു നിലപാട് വിജയ് സ്വീകരിക്കും. ഈ രണ്ടില്‍ ഒന്ന് എന്തായാലും ഉറപ്പാണ്. രണ്ടാമത്തെ കാര്യത്തില്‍ ആര്‍ക്ക് വിജയ് പിന്തുണ നല്‍കുമെന്ന കാര്യം പ്രസക്തമാണ്. കാരണം 96 ല്‍ ജയലളിതക്ക് എതിരെ രജനി നിന്നപ്പോള്‍ നേട്ടം ഉണ്ടാക്കാന്‍ ഡി.എം.കെ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതല്ല, കമല്‍ഹാസന്റെ സഖ്യവും രജനിയുടെ പാര്‍ട്ടിയും മത്സര രംഗത്തുണ്ടാവും. ബി.ജെ.പി പിന്തുണയ്ക്കുന്ന രജനിയുടെ സഖ്യത്തെ എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയ് പിന്തുണക്കില്ല. പിന്നെയുള്ളത് കമലും ഡി.എം.കെയുമാണ്. ഇടതുപാര്‍ട്ടികളെയടക്കം ഒപ്പം കൂട്ടിയുള്ള പരീക്ഷണത്തിനാണ് കമല്‍ മുതിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയും കമല്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രചരണത്തിന് കെജരിവാളിനെയും കൊണ്ടു വന്നേക്കും.

എന്നാല്‍ ഡി.എം.കെ സഖ്യത്തില്‍ കമല്‍ കൂടി വേണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിനായാണ് പാര്‍ട്ടി നേതാക്കള്‍ സ്റ്റാലിനില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

ഡി.എം.കെ നിലപാട് എന്തായിരിക്കും എന്നതിനെ അനുസരിച്ചായിരിക്കും, ഇനി ഇടതു പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുക.

കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 10 മുതല്‍ 12 ശതമാനം വരെ വോട്ട് പിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ചേരുകയും വിജയ് പിന്തുണക്കുകയും ചെയ്താല്‍ ‘കളി’ മാറും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ്,കമലിനെ ഉയര്‍ത്തിക്കാട്ടിയാല്‍ തീ പാറുന്ന മത്സരമാണ് നടക്കുക.

സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും രജനി -കമല്‍ മത്സരമായാണ് അത് മാറുക. ദ്രാവിഡ പാര്‍ട്ടികളാണ് ഇതോടെ അപ്രസക്തരായി പോകുക. പ്രശാന്ത് കിഷോര്‍ ഭയക്കുന്നതും ഇത്തരമൊരു കൂട്ട് കെട്ടിനെയാണ്.

കമലിനെ കൂടി ഡി.എം.കെ മുന്നണി ഉള്‍ക്കൊള്ളണമെന്ന നിര്‍ദ്ദേശം ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്.

ഇക്കാര്യത്തില്‍ കമലും സ്റ്റാലിനുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ദളപതിയുടെ നിലപാട് അറിയാനാണ് കമലിപ്പോള്‍ കാത്ത് നില്‍ക്കുന്നത്.നടന്‍ അജിത്തുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. അജിത്തിനായി അണ്ണാ ഡി.എം.കെ നേതാക്കള്‍ വലവീശി എന്ന വാര്‍ത്തയെ തുടര്‍ന്നാണിത്.

രജനിയും കമലും മത്സര രംഗത്തിറങ്ങുകയും, വിജയ് നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നത്, സിനിമാ മേഖലയെയും സ്വാധീനിക്കും. മറ്റു താരങ്ങള്‍ക്കും നിലപാട് വ്യക്തമാക്കേണ്ടി വരും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഐ.ടി ഡിപ്പാര്‍ട്ട് മെന്റ് വിജയ് ക്ക് എതിരെ റെയ്ഡ് നടത്തിയിരിക്കുന്നത്. ബി.ജെ.പി പിന്തുണയ്ക്കുന്ന സഖ്യത്തിന് എതിരെ നിന്നാല്‍ വിവരമറിയുമെന്ന മുന്നറിയിപ്പ് കൂടിയാണിത്.

ഈ അനാവശ്യ റെയ്ഡ് തന്നെയാണ് ബി.ജെ.പിക്കും രജനിക്കും നിലവില്‍ വെല്ലുവിളിയായിരിക്കുന്നത്. മാളത്തിലിട്ട് ദളപതിയെ കുത്തിയതിനാല്‍, കടി മേടിക്കുക തന്നെ ചെയ്യുമെന്നാണ് വിജയ് ആരാധകര്‍ പറയുന്നത്.

മാസ്റ്റര്‍ ഓഡിയോ റിലീസില്‍ വിജയ് നടത്താന്‍ പോകുന്ന പ്രസംഗമാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഈ പ്രസംഗത്തില്‍ വിവാദങ്ങളെ സംബന്ധിച്ച് ദളപതി മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയില്‍, അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗം ലയിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ബി.ജെ.പിയും പട്ടാളി മക്കള്‍ കക്ഷിയും ഉള്‍പ്പെടെ ഈ മുന്നണിയിലുണ്ടാകാനും സാധ്യത ഏറെയാണ്.

ഡിഎംകെ ആകാട്ടെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളെയാണ് ഏറെയും ആശ്രയിക്കുന്നത്. ഡല്‍ഹിയിലെ ഈ തന്ത്രങ്ങളുടെ വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം നല്‍കുന്നത്. കെജരിവാളിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോറിന്റെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്.

ഡി.എം.കെക്ക് വേണ്ടി ഇത്തവണ തന്ത്രങ്ങളെല്ലാം ഒരുക്കുന്നത് പ്രശാന്ത് കിഷോറാണ്. വളരെ ശ്രദ്ധയോടെ നീങ്ങിയില്ലങ്കില്‍ തമിഴകം കൈവിടുമെന്നതാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്.

സംഘടനാപരമായി ഏറെ കെട്ടുറപ്പുള്ള കേഡര്‍ പാര്‍ട്ടിയാണ് ഡി.എം.കെ. വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് അവര്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്. ഇത്തവണ കൂടി ഭരണം കിട്ടിയില്ലങ്കില്‍ പാര്‍ട്ടി തന്നെ ചിന്നഭിന്നമായിപ്പോകും. ഈ യാഥാര്‍ത്ഥ്യം അറിയുന്നതു കൊണ്ടാണ് സ്റ്റാലിന്‍, പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ ബാക്കി മുഴുവന്‍ സീറ്റും തൂത്തുവാരിയത് ഡി.എം.കെ സഖ്യമാണ്. ഭരണപക്ഷത്തിന് ഒരു സീറ്റ് മാത്രം ലഭിച്ചപ്പോള്‍, ഇടതുപക്ഷത്തിന് ലഭിച്ചതാകട്ടെ 4 സീറ്റുകളാണ്.

ഡി.എം.കെ സഖ്യം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നതാണ് പ്രശാന്ത് കിഷോര്‍ നല്‍കിയിരിക്കുന്ന ഉപദേശം. പ്രകടന പത്രികയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ജനകീയത ഉണ്ടാകണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

പ്രവര്‍ത്തകരും നേതാക്കളും പുലര്‍ത്തേണ്ട പെരുമാറ്റ ചട്ടം വരെ ഒരു ലിസ്റ്റായി തന്നെ ഡി.എം.കെക്ക് കിഷോര്‍ നല്‍കിയിട്ടുണ്ട്.

2014ല്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് പ്രശാന്ത് കിഷോര്‍ തുടങ്ങിയത്. പിന്നീട് ബീഹാറില്‍ ജെ.ഡി.യുവുമായും കോണ്‍ഗ്രസ്സുമായും ചേര്‍ന്നും പ്രവര്‍ത്തിച്ചു. ജെ.ഡി.യു വൈസ് പ്രസിഡന്റായും ചുമതലയേറ്റു. പൗരത്വ വിഷയത്തിലുടക്കിയതോടെ ഈ സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്.

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും പ്രശാന്ത് കിഷോറാണ്. ബംഗാളില്‍ മമതക്ക് വേണ്ടിയും അദ്ദേഹം തന്നെയാണ് ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഇവിടങ്ങളിലൊന്നും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് തമിഴകത്തിപ്പോള്‍ നിലവിലുള്ളത്.

പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചാല്‍ പോലും, ദളപതി ‘എതിരായാല്‍’ സ്റ്റാലിന്റേയും ‘തലവര’യാണ് മാറുക.

Political Reporter

Top