കേന്ദ്രത്തിന് മറുപടി നൽകാൻ വിജയ്, ‘മാസ്റ്റർ’ ഓഡിയോ റിലീസ് വേദിയാകും ! !

രു സിനിമയുടെ ഓഡിയോ ലോഞ്ചിനായി ഒരു ജനത തന്നെ കാത്ത് നില്‍ക്കുക എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്ത് നിന്നു തന്നെയാണ്, ഈ പുതിയ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാറും പ്രതിപക്ഷവും മുതല്‍ കൊച്ചു കുട്ടികള്‍ വരെയാണ്, ‘മാസ്റ്റര്‍’എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനായി കട്ട വെയ്റ്റിങ്ങിലുള്ളത്. രാജ്യത്ത് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത കാത്തിരിപ്പാണിത്.

തന്റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ കുറിച്ച്, ‘മാസ്റ്റര്‍’സിനിമയുടെ ഓഡിയോ റിലീസിലാണ് വിജയ് പ്രതികരിക്കാന്‍ പോകുന്നത്. ഇതു തന്നെയാണ് തമിഴകത്തെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

വിജയ് എന്തു പറയുമെന്ന് അറിയാന്‍ കാത്തിരിക്കുന്നവരില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും അവരുടെ മന്ത്രി നിര്‍മ്മല സീതാരാമനും വരെ ഉള്‍പ്പെടും.

തമിഴ് നാട്ടുകാരിയായ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ദളപതിയുടെ പവര്‍ ശരിക്കും അറിയാം. അതു കൊണ്ട് തന്നെ റെയ്ഡിന് പിന്നില്‍, മന്ത്രിയുടെയും മുകളിലുള്ള അധികാര കേന്ദ്രമുണ്ടെന്നാണ് തമിഴകം സംശയിക്കുന്നത്.

ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ദളപതിയെ വേട്ടയാടുന്നതെന്ന വികാരമാണ് ആരാധകര്‍ക്കുള്ളത്. ഷൂട്ടിങ് തടസ്സപ്പെടുത്തി വിജയ് യെ കസ്റ്റഡിയിലെടുത്തതും, റെയ്ഡിന് ശേഷം ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ബി.ജെ.പി നേരിട്ടിറങ്ങിയതും, തിരക്കഥ പ്രകാരമാണെന്നാണ് ആരോപണം.

30 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനു ശേഷം എന്താണ് കണ്ടെത്തിയതെന്ന ചോദ്യത്തിനും അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇതു തന്നെ ഗൂഢാലോചനാ വാദത്തെ സാധൂകരിക്കുന്നതാണ്. റെയ്ഡില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.

തമിഴകത്തെ ഏറ്റവും ജനപ്രീതിയുള്ള താരത്തെ വേട്ടയാടാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ച കാര്യമാണ് നാടിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിന്റെ അലയൊലി തമിഴകത്ത് മാത്രമല്ല, കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.

vijay_politics2

എല്ലാവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത് ദളപതിയുടെ പ്രതികരണത്തിനാണ്.

അത് മാസ്റ്റര്‍ സിനിമയുടെ ഓഡിയോ റിലീസിങ്ങിന് തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഫിബ്രുവരി അവസാനമോ മാര്‍ച്ച് മാസത്തിലോ ഓഡിയോ ലോഞ്ച് നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

തന്റെ സിനിമകളില്‍ മാത്രമല്ല, ഓഡിയോ റിലീസിങ് വേളകളിലും വിജയ്, വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാറുണ്ട്.

ഏറ്റവും ഒടുവിലായി ബിഗില്‍ സിനിമയുടെ ഓഡിയോ റിലീസില്‍ സംസ്ഥാന സര്‍ക്കാരിനെയാണ് വിജയ് വിമര്‍ശിച്ചിരുന്നത്. ഫ്‌ളക്‌സ് ബോര്‍ഡ് വീണ് യുവതി മരണപ്പെട്ടതിലായിരുന്നു പ്രതിഷേധം. ഫ്‌ളക്‌സ് അടിച്ചവനും ലോറി ഓടിച്ചവനുമാണ് അറസ്റ്റിലായതെന്നും, യഥാര്‍ത്ഥ പ്രതി പുറത്താണെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരുന്നത്.

അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് വീണാണ് യുവതി മരണപ്പെട്ടിരുന്നത്. ദളപതിയുടെ പ്രതികരണത്തോടെ ജനരോഷവും സര്‍ക്കാറിനെതിരെ രൂക്ഷമായിരുന്നു. ഒളിവിലായ നേതാവിനെ പിന്നീട് അറസ്റ്റ് ചെയ്യാന്‍ പൊലീസും നിര്‍ബന്ധിതമായി.

‘മാസ്റ്റര്‍’സിനിമയുടെ ഓഡിയോ റിലീസ് ഭരണപക്ഷത്തിന്റെ ചങ്കിടിപ്പേറ്റുന്നതും ഈ സാഹചര്യത്തിലാണ്.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ പകപോക്കലാണ് നടന്നിരിക്കുന്നതെന്ന ആരോപണമാണ്, ഭരണപക്ഷം നിലവില്‍ നേരിടുന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് അണ്ണാ ഡി.എം.കെ എന്നതിനാല്‍ അവരും പ്രതിരോധത്തിലാണ്. താരമൂല്യം തകര്‍ക്കാന്‍ ഉദ്ദേശിച്ച വേട്ടയാടലാണ് നടന്നതെങ്കില്‍, വിപരീത ഫലമാണ് അതിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ബിഗില്‍ സിനിമ 300 കോടിയാണ് കളക്ട് ചെയ്തതെങ്കില്‍ ‘മാസ്റ്റര്‍’500 കോടി കടക്കുമെന്നാണ് പ്രചരണം. അത്ര മാത്രം പബ്ലിസിറ്റിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളോടെ ‘മാസ്റ്റര്‍’സിനിമക്ക് ലഭിച്ചിരിക്കുന്നത്.

ഷൂട്ടിങ്ങ് തടസ്സപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചതോടെ, മാസ്റ്ററില്‍ മാസ് ഡയലോഗും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മാസ്റ്ററിന്റെ ഓഡിയോ റിലീസിനായി കാത്തിരിക്കുകയാണെന്നാണ് പ്രമുഖ സംവിധായകന്‍ രത്‌നകുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.മലയാള നടന്‍ അജു വര്‍ഗ്ഗീസും, സമാന പ്രതികരണമാണ് ഫെയ്‌സ് ബുക്കില്‍ നടത്തിയിരിക്കുന്നത്.

പതിനായിരക്കണക്കിന് ആരാധകരെ പങ്കെടുപ്പിച്ച്, വിപുലമായ ഒരു ഓഡിയോ റിലീസാണ് ‘മാസ്റ്റര്‍’ടീം പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഇതിനകം തന്നെ വലിയ തുകക്കാണ് ഈ സിനിമയുടെ ബിസിനസ്സിപ്പോള്‍ നടക്കുന്നത്. തിയറ്റര്‍ ഉടമകള്‍ ശുപാര്‍ശയുമായി വരെ വിതരണക്കാരെ സമീപിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

രാജ്യത്തിന് അകത്തും പുറത്തുമായി, മറ്റൊരു സിനിമയ്ക്കും കഴിയാത്ത രൂപത്തില്‍, വിപുലമായ റിലീസാണ് ‘മാസ്റ്റര്‍’ടീം ലക്ഷ്യമിടുന്നത്.

മാസ്റ്ററിന്റെ വരവോടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ താരമായി വിജയ് മാറുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.പ്രതിഫല കാര്യത്തിലും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. അടുത്ത വിജയ് സിനിമ, സണ്‍ പിക്‌ചേഴ്‌സാണ് ഒരുക്കുന്നത്.100 കോടിയാണ് പ്രതിഫലമെന്നാണ് തമിഴ് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദളപതിയുടെ പ്രതിഫലം ചികഞ്ഞ് പോയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍, അദ്ദേഹത്തിന്റെ സേവനമേഖലയിലെ സംഭാവന കണ്ടും ശരിക്കും അമ്പരന്നിട്ടുണ്ട്.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും അധികം പണം മുടക്കുന്ന താരവും വിജയ് തന്നെയാണ്.അദ്ദേഹത്തിന്റെ വര്‍ദ്ധിച്ച ജനപ്രീതിക്ക് ഒരു പ്രധാന കാരണവും ഈ സഹായങ്ങളാണ്. ഉദ്യോസ്ഥരെ പോലും അത്ഭുതപ്പെടുത്തിയ കണക്കുകളാണിത്.

‘കൈതി’എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ തമിഴകത്തെ ഞെട്ടിച്ച ലോഗേഷ് കനകരാജാണ് മാസ്റ്ററിന്റെ സംവിധായകന്‍. ഇതും പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ഒരു കോളേജ് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ നടക്കുന്നത്.

തമിഴ് നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി 11 മാസം മാത്രമാണ് ബാക്കിയുള്ളത്.

kamal-hassan-rajani

kamal-hassan-rajani

രജനിയും കമലുമാണ് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച പ്രധാന താരങ്ങള്‍.

ഇവര്‍ക്കിടയിലേക്ക് വിജയ് ഇറങ്ങിയാല്‍ തീ പാറുന്ന പോരാട്ടമാണ് നടക്കുക. ഒരു വശത്ത് വിജയ്, മറുവശത്ത് ആരെന്ന ചോദ്യം മാത്രമാണ് അപ്പോള്‍ അവശേഷിക്കുക. ഇത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. വിജയ് ഫാന്‍സിന് സംഘടനാപരമായ സെറ്റപ്പും, കൊടിയുമെല്ലാമുള്ളതിനാല്‍ പാര്‍ട്ടി പ്രഖ്യാപനം, വിചാരിച്ചാല്‍ പെട്ടന്ന് തന്നെ നടക്കും. അതിന് വിജയ് തയ്യാറാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ലക്ഷക്കണക്കിന് ആരാധകര്‍ തമിഴകത്ത് ഓരോ ജില്ലയിലും ദളപതിക്കുണ്ട്. കുഗ്രാമങ്ങളിലെ ഓരോ വീട്ടിലേക്കും നീളുന്നതാണ് ആ ആരാധക കരുത്ത്.

ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഹീറോയാണ് വിജയ്.പൗരത്വ ഭേദഗതിയില്‍ ആശങ്കയുള്ള ഈ ജനവിഭാഗത്തില്‍ നിന്നും വലിയ പിന്തുണയാണ് ദളപതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ കേന്ദ്രങ്ങളുടെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ് ഈ ഐക്യദാര്‍ഡ്യം. വിജയ് യെ ബി.ജെ.പി വേട്ടയാടുന്നതാണ് ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള ബി.ജെ.പിയുടെ അവസാനത്തെ ശ്രമവും പാളിയിട്ടുണ്ട്. വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ സമരം അവസാനിപ്പിച്ച് കാവിപ്പട ‘കളം’ വിടുകയായിരുന്നു.

മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് നെയ്‌വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷന്‍ പരിസരത്ത് നടക്കുന്നത്. ലക്ഷങ്ങള്‍ കെട്ടിവെച്ച് മുന്‍കൂട്ടി അനുമതി വാങ്ങി നടത്തുന്ന ഷൂട്ടിംഗ്, തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലന്ന് സിനിമാ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

‘തലൈവ’സിനിമ മുതല്‍ ‘മാസ്റ്റര്‍’വരെ നീളുന്നതാണ് ഭരണപക്ഷത്തിന്റെ ദളപതിയോടുള്ള എതിര്‍പ്പ്. തലൈവയില്‍ ‘ടൈം ടു ലീഡ് ‘ എന്ന സബ് ടൈറ്റലായിരുന്നു പ്രകോപനം. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്ക് ഒട്ടും രസിക്കാത്ത വാചകമായിരുന്നു ഇത്. സിനിമയുടെ റിലീസിനെ പോലും ബാധിച്ച വിവാദങ്ങളാണ് പിന്നീട് അരങ്ങേറിയിരുന്നത്.

കത്തി, മെര്‍സല്‍, സര്‍ക്കാര്‍ സിനിമകളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളാണ് വിമര്‍ശനത്തിന് ഇരയായിരുന്നത്. ഇനി മാസ്റ്ററില്‍ ആരാണ് ഇരയെന്നത് മാത്രമാണ് അറിയാനുള്ളത്. സിനിമയിലില്ലങ്കില്‍,ആ കുറവ് ഓഡിയോ ലോഞ്ചില്‍ എന്തായാലും ദളപതി തീര്‍ക്കും. റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് സാധിക്കാത്ത സാഹചര്യത്തില്‍, വിമര്‍ശനത്തിന്റെ മൂര്‍ച്ചയും ഇനി കൂടും. ഭരണാധികാരികളെ ചുട്ട് പൊള്ളിക്കുന്ന, ആ വാക്കുകള്‍ക്കായാണ് തമിഴകം ഇപ്പോള്‍ കാത്തിരിക്കുന്നത്.

Express View

Top