കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കാത്തത് എന്തുകൊണ്ടെന്ന് ചര്‍ച്ച ചെയ്യണം:തോമസ് ചാഴിക്കാടന്‍

കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കാത്തത് എന്തുകൊണ്ടെന്ന് ചര്‍ച്ച ചെയ്യണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. കഴിഞ്ഞതവണ കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ വലിയ ആഗ്രഹം പ്രകടിപ്പിച്ച ആളാണ്. അന്ന് ആഗ്രഹം പ്രകടിപ്പിച്ചത് ഗൂഢലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ചാഴിക്കാടന്‍ പറഞ്ഞു.

കോട്ടയത്ത് യുഡിഎഫ് ജയിക്കുമെന്നും മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ജനം അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന് 48 ശതമാനം വിജയസാധ്യതയും എല്‍ഡിഎഫിന് 31 ശതമാനം വിജയസാധ്യതയുമാണ് ആളുകള്‍ പ്രവചിച്ചത്.ഇന്നലെ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നത് ഒരേ ഒരു പേര് മാത്രമായിരുന്നു എന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടായിട്ടാണ് തീരുമാനം. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വിജയത്തിലേക്ക് എത്താന്‍ സാധിക്കും. വലിയ ഭൂരിപക്ഷം ലഭിക്കും. അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല. സീറ്റ് വിട്ട് നല്‍കുന്നതില്‍ സിപിഐഎമ്മിനും ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ വേണ്ടിയായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി മോഹം പറഞ്ഞത്. യുഡിഎഫില്‍ നില്‍ക്കുന്ന പിജെ ജോസഫിന് ഇപ്പോള്‍ മത്സരിക്കാന്‍ തടസ്സങ്ങള്‍ ഇല്ല. അതുകൊണ്ട് മത്സരിക്കുമോ എന്ന് പിജെ ജോസഫ് തന്നെ വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top