നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

kadannappally ramachandran

ഓമല്ലൂര്‍ : നഷ്ടപ്പെട്ടു പോയ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാന്‍ നമുക്ക് കഴിയണമെന്ന് പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും കാര്‍ഷിക ചെലവ് ഏറിയതും ഉപഭോഗ സംസ്‌കാരത്തിന്റെ കടന്നു വരവും നമ്മെ കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും അകറ്റി. നെല്‍പ്പാടങ്ങള്‍ തരിശിട്ടതോടെ ജലക്ഷാമം രൂക്ഷമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിച്ചാല്‍ മാത്രമേ ജലക്ഷാമം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളു. പ്രകൃതി സംരക്ഷണത്തിനും കൃഷി പുനരുജ്ജീവനത്തിനും സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷനിലൂടെ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ തിലകക്കുറിയായ ഓമല്ലൂര്‍ വയല്‍ വാണിഭം കൂടുതല്‍ പ്രൗഢിയോടെ നടത്തുവാന്‍ വരും വര്‍ഷങ്ങളിലും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

Top