മൂന്നാം തരംഗത്തെ തടയാന്‍ ബഹുജന കൂട്ടായ്മ വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് നില്‍ക്കാനും മൂന്നാം തരംഗത്തെ തടയാനും വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം നമുക്ക് ഇതാകെ നേടാന്‍ കഴിയുന്നതല്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ പൊതുവേ പൂര്‍ണ്ണമാണ്. പൊതുജനം പൂര്‍ണ്ണമനസ്സോടെ തന്നെ ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ട്. ലോക്ക്ഡൗണില്‍ സഹകരിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ നന്ദി അറിയിച്ചു.

കൂടാതെ വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൗണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്‌സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം.

എന്നാല്‍ ഇങ്ങനെ രോഗമുണ്ടാകുന്നവരില്‍ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്‌സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Top