രണ്ടാമൂഴത്തിനായി എംടിയുമായി സഹകരിക്കില്ല; മഹാഭാരതം നിര്‍മ്മിക്കുമെന്ന് ബി ആര്‍ ഷെട്ടി

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമയാക്കുമെന്ന് നിര്‍മാതാവ് ബി.ആര്‍. ഷെട്ടി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരക്കഥ തനിക്ക് തിരികെ വേണമെന്ന ആവശ്യത്തില്‍ എം.ടി ഉറച്ചു നില്‍ക്കുകയാണ്. ഇനി രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി എം.ടിയുമായി സഹകരിക്കില്ല. ആ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’-ഷെട്ടി പറഞ്ഞു.

1000 കോടി ബജറ്റില്‍ എനിക്കൊരു സിനിമ ചെയ്യാന്‍ കഴിയും. മഹാഭാരതം സിനിമയാക്കുക എന്നതായിരിക്കും എന്റെ അടുത്ത ലക്ഷ്യം. ഒരു പക്ഷേ അത് 1000 കോടിയ്ക്ക് മുകളിലാവാം ചിലപ്പോള്‍ താഴെയുമാകാം. എന്നാല്‍ ഇതിഹാസത്തിലെ ഒരു പ്രധാന ഭാഗവും വിട്ടുപോകാതെ തന്നെയാവും ഈ ചിത്രമൊരുക്കുക. എല്ലാ പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യുമെന്നും ഷെട്ടി പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മഹാഭാരതം എന്റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മിക്കുക തന്നെ ചെയ്യുമെന്നും ഷെട്ടി പറഞ്ഞു. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ സംവിധായകനാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയാറായില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Top