ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു; തൃപ്തി ദേശായി

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന വിവരം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് തൃപ്തി ദേശായി. സഹകരിക്കണമെന്ന പോലീസ് അഭ്യര്‍ഥനയോട്, തങ്ങള്‍ സഹകരിക്കുന്നുണ്ടല്ലോ എന്നായിരുന്നു തൃപ്തിയുടെ മറുപടി.

ഇന്ന് രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്,സംരക്ഷണംനല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്ന.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയില്‍ അവ്യക്തതയുണ്ട്, അത് പരിഹരിച്ച് മതി യുവതീ പ്രവേശന നടപടികളെന്ന് സര്‍ക്കാരും നിലപാട് എടുത്തിട്ടുണ്ട്.

രാത്രിയിലുള്ള വിമാനത്തില്‍ സുരക്ഷിതരായി തൃപ്തിയേയും സംഘത്തെയും തിരിച്ച് അയക്കാമെന്നാണ് പൊലീസിന്റെ നിലപാട്. ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതോടെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.

Top