വിദേശ ഇടപെടൽ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുൽ വിഷയത്തിൽ കപിൽ സിബൽ

ദില്ലി: രാഹുൽ ​ഗാന്ധി വിഷയത്തിൽ വിദേശ ഇടപെടൽ ആവശ്യമില്ലെന്ന് മുൻ കോൺ​ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയ സംഭവത്തിൽ ജർമ്മനി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി കോൺ​ഗ്രസ് നേതാവ് ദ്വി​ഗ് വിജയ് സിങ് നന്ദി പറഞ്ഞതിനോടാണ് കപിൽ സിബലിന്റെ പ്രതികരണം.

‘വിദേശ ഇടപെടൽ ആവശ്യമില്ല. നമ്മുടെ പോരാട്ടം നമ്മുടേതാണ്. അതിൽ നമ്മളൊരുമിച്ചാണ്’- കപിൽ സിബൽ പറഞ്ഞു. ദ്വി​ഗ് വിജയ് സിങിന്റെ പരാമർശത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് കപിൽ സിബൽ ട്വീറ്റ് ചെയ്തത്. നേരത്തെ, മന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജ്ജു എന്നിവരും അനുരാ​ഗ് താക്കൂറും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. വിവാദമായതിനെ തുടർന്ന് കോൺ​ഗ്രസ് നിലപാടിൽ മയപ്പെട്ടു. നമ്മുടെ ജനാധിപത്യത്തിന് നേരെ ആക്രമണമുണ്ടാവുമ്പോൾ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെയാണ് തിരുത്തേണ്ടത് എന്ന് കോൺ​ഗ്രസ് വ്യക്തമാക്കി. അതിനിടയിലാണ് കപിൽ സിബലിന്റേയും പ്രതികരണം വരുന്നത്.

രാഹുലിന്റെ കേസില്‍ ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയും പിന്നാലെയുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ശ്രദ്ധിക്കുന്നുണ്ട്. കോടതി വിധിക്കെതിരെ രാഹുലിന് അപ്പീലിന് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

കോടതി വിധി നിലനില്‍ക്കുമോയെന്നും രാഹുലിനെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് അതിന് ശേഷമേ വ്യക്തമാകു. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലികതത്വങ്ങളും കേസില്‍ ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്.

Top