അധികാരം കൈയാളുന്ന ബിജെപിയുടെ നീക്കങ്ങള്‍ കൊണ്ട് ഞങ്ങളെ തടയാനാകില്ല; യെച്ചൂരി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ താനുള്‍പ്പെടെ ഉള്ളവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധികാരം കൈയാളുന്ന ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ കൊണ്ടൊന്നും സിഎഎ പോലുള്ള വിവേചന നിയമങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് യെച്ചൂരി പറഞ്ഞു. പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് യെച്ചൂരി പറഞ്ഞു.

‘ഉന്നത ബി.ജെ.പി.നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഡല്‍ഹി പൊലീസ്. കേന്ദ്രത്തിന്റെ കീഴിലാണ് ഡല്‍ഹി പൊലീസ്. മുഖ്യധാരാ പ്രതിപക്ഷപാര്‍ട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഭയക്കുകയാണ്’ യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, മുന്‍ എം.എല്‍.എ. മതീന്‍ അഹമ്മദ്, എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാന്‍ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

മതം, ജാതി, നിറം, പ്രദേശം, ലിംഗം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണ്. ഞങ്ങളത് ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.

‘പാര്‍ലമെന്റിലും മാധ്യമങ്ങളിലും വിവരാവകാശ നിയമങ്ങളിലും ചോദ്യങ്ങളെ ബിജെപി സര്‍ക്കാര്‍ ഭയപ്പെടുന്നു. പ്രധാനമന്ത്രിക്ക് ഒരു പത്രസമ്മേളനം നടത്താനോ സ്വകാര്യ ഫണ്ടിനെ കുറിച്ച് വിവരാവകാശ നിയമങ്ങള്‍ക്ക് മറുപടി നല്‍കാനോ സ്വന്തം ബിരുദം കാണിക്കാനോ പോലും സാധിക്കുന്നില്ല. അധികാരം നഗ്‌നമായി ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിര്‍പ്പിനെ നിശബ്ദമാക്കാന് കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങള്‍. ഇതും ഞങ്ങള്‍ പരാജയപ്പെടുത്തും’ യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Top