‘ഞങ്ങൾ സ്വതന്ത്രരായി’; റഷ്യയുടെ പിന്മാറ്റം ആഘോഷമാക്കി യുക്രൈന്‍ ജനത

കീവ്: ഖേര്‍സണ്‍ നഗരത്തില്‍ നിന്നുള്ള റഷ്യന്‍ പിന്മാറ്റം ആഘോഷമാക്കി യുക്രൈന്‍. പതാകവീശിയും ദേശീയഗാനം പാടിയും യുക്രൈന്‍ സൈന്യത്തെ നഗരവാസികള്‍ എതിരേറ്റു. നഗരം തങ്ങളുടേതായെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു. പാട്ടും നൃത്തവുമായി ഖേര്‍സണിലെ യുക്രൈന്‍ പൗരന്മാര്‍ റഷ്യന്‍ പിന്മാറ്റം ആഘോഷമാക്കി.

‘ഞങ്ങളിപ്പോള്‍ സ്വതന്ത്രരായി. രാവിലെ മുതല്‍ എല്ലാവരും സന്തോഷത്താല്‍ കരയുകയാണ്. യുക്രൈന്‍ സേനയുടെ തിരിച്ചുവരവ് എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുയാണ്.’- നഗരവാസികളില്‍ ഒരാള്‍ ബി.ബി.സിയോട് പറഞ്ഞു. യുക്രൈന്‍ സേനയെ പ്രകീര്‍ത്തിച്ച് നഗരവാസികള്‍ രംഗത്തെത്തി. ഇന്ന് രാത്രി ആരും ഉറങ്ങുന്നില്ലെന്ന് പലരും പ്രഖ്യാപിച്ചു.

ഖേര്‍സണിലെ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നും യുക്രൈനില്‍ നിന്ന് വിട്ടുപോകാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. കയ്യേറ്റക്കാരുടെ എല്ലാ അവശേഷിപ്പുകളും തെരുവുകളില്‍ നിന്ന് നീക്കാന്‍ നഗരവാസികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ ജനത, ഞങ്ങളുടെ ഖേര്‍സണ്‍. ഇതൊരു ചരിത്രദിവസമാണ്. ഞങ്ങള്‍ ഖേര്‍സണ്‍ തിരിച്ചെടുക്കുകയാണ്.’- സെലന്‍സ്‌കി പറഞ്ഞു.

Top