‘ഞങ്ങളാകെ പ്രശ്നത്തിലാണ്’… വിമാനത്തില്‍ രാഹുലിന് മുന്നില്‍ സങ്കടം പറഞ്ഞ് കശ്മീരി യുവതി

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് കശ്മീരി യുവതി. ആഗസ്റ്റ് 5 ന് ശേഷം കശ്മീരിലുണ്ടായ സംഭവവികാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നെന്ന് രാഹുലിനോട് വൈകാരികമായി വിവരിച്ചു നല്‍കിയ യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

”ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല. പത്ത് ദിവസമായി എന്റെ ഹൃദ്രോഗിയായ സഹോദരന് അവന്റ ഡോക്ടറെ കാണാനായിട്ടില്ല. ഞങ്ങളാകെ പ്രശ്നത്തിലാണ്”- വിതുമ്പിക്കൊണ്ട് യുവതി രാഹുലിനോട് പറഞ്ഞു.യുവതി പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട രാഹുല്‍ യുവതിയെ ആശ്വസിപ്പിച്ചു.


രാഹുലിനൊപ്പം ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും യുവതിയോട് സംസാരിച്ചു. ഏത് കഠിന ഹൃദയന്റേയും കണ്ണ് നിറയിക്കുന്ന അനുഭവമാണ് യുവതി പങ്കുവെച്ചതെന്ന് ഗുലാം നബി ആസാദ് പിന്നീട് ഡല്‍ഹിയില്‍ പറഞ്ഞു.

കശ്മീരിലെ സാഹചര്യങ്ങള്‍ ശാന്തമല്ലെന്നതാണ് ശനിയാഴ്ച നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഏതാനുംദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ ആ ക്ഷണം സ്വീകരിച്ചു. അവിടെയുള്ള ജനങ്ങള്‍ എങ്ങനെ കഴിയുന്നു എന്നറിയുകയായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷേ, വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അവര്‍ കൈയേറ്റം ചെയ്തു. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ഇത് വ്യക്തമാക്കുന്നു- രാഹുല്‍ഗാന്ധി പറഞ്ഞു.

Top