ലോകത്ത് മരിച്ചത് 20,000 പേര്‍; 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 683 പേര്‍

റോം: ലോകത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 24 മണിക്കൂറുകള്‍ക്കുളളില്‍ മാത്രം ഇറ്റലിയില്‍ മരിച്ചത് 683 പേരാണ്. 5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതില്‍ 74.386 കേസുകളാണ് ഇറ്റലിയില്‍ നിന്നും മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സ്പെയിനില്‍ ഉപപ്രധാനമന്ത്രിമാരിലൊരാളായ കാര്‍മെന്‍ കാല്‍വോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ര്‍റെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാര്‍മെന്‍ കാല്‍വോ. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാള്‍സ് രാജകുമാരന് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍ നിന്ന് മാറ്റിയിരുന്നു. കൊട്ടാരത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് രാജ്ഞിയെ മാറ്റിയതെന്നാണ് ഇന്നലെ കൊട്ടാരം അറിയിച്ചതെങ്കിലും ഇന്ന് രാജകുമാരന് തന്നെ രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

Top