ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നതായി നടി പരാതി പറഞ്ഞിരുന്നുവെന്ന് ഇടവേള ബാബു

idavela-babu

കൊച്ചി: ഡബ്ല്യുസിസി ഉന്നയിച്ച ആരോപണം ശരിവെച്ച് ഇടവേള ബാബുവിന്റെ മൊഴി. നടിയുടെ അവസരങ്ങള്‍ നിഷേധിച്ചതായി ദിലീപിനെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്നാണ് ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെന്നും ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം അമ്മ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഇരയായ നടിയും കാവ്യയും തമ്മിലും പ്രശ്‌നമുണ്ടായതായും ഇടവേള ബാബു പറഞ്ഞു. സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ഇരയായ നടിയും കാവ്യയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ദിലീപ് ഇരയായ നടിയോട് ചൂടായെന്നും അതിനു ശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

സിദ്ദിഖും സമാന മൊഴിയാണ് നല്‍കിയത്. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു സിദ്ദിഖ് മൊഴി നല്‍കിയത്.

Top