ഷഹല ഷെറിന്‍റെ മരണം; പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് രക്ഷിതാക്കള്‍,പൊലീസ് അന്വേഷണം തുടങ്ങി

ബത്തേരി : വയനാട്ടില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നും രക്ഷിതാക്കള്‍.

രണ്ട് തവണ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബ്ബലമാക്കുമെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് 304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ്ഐആര്‍. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനന്തവാടി എ.എസ്.പി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്കൂളിലെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിപട്ടികയിൽ ഉള്ളവരെ പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും.

പ്രിന്‍‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അധ്യാപകന്‍, താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനകം സസ്പന്‍റ് ചെയ്യപ്പെട്ട നാല് പേര്‍ക്കുമെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

Top