ഷഹലയുടെ മരണം; നടപടി വേണം,കരിങ്കൊടി പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വയനാട്: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കുന്നത് വരെ ക്ലാസില്‍ കയറില്ലെന്ന് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കരിംങ്കൊടി പ്രകടനം നടത്തി. അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും കൈയ്യില്‍ പാമ്പിന്റെ രൂപവും പിടിച്ചായിരുന്നു പ്രകടനം.

ഈ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു. സ്‌കൂളുകളില്‍ അടിയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യം ചെയ്യുന്നതിന് വനംവകുപ്പിന്റെ സേവനം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

മാത്രമല്ല പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്‌കൂളുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന്‌ ഡിഡിഇയോട് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹും എല്ലാ സ്‌കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കളക്ടറും ഉത്തരവിട്ടു.

Top