ഷെഹലയുടെ മരണം; അന്വേഷണം വൈഭവ് സക്‌സേനയുടെ പ്രത്യേക സംഘത്തിന്‌

വയനാട്: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷെഹലയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി മരിച്ച സംഭവത്തില്‍ ഇന്നലെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന്‍, ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂളിന്റെ പിടിഎ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്നലെ പിരിച്ചുവിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാന്‍ സയന്‍സ് അധ്യാപകന്‍ ഷിജില്‍ തയ്യാറായില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Top