വയനാട്ടില്‍ മാവോയിസ്റ്റുകള്‍; പോസ്റ്റര്‍ പതിച്ച് സ്വകാര്യ റിസോര്‍ട്ടിന് മേല്‍ ആക്രമണം

വയനാട്: മേപ്പാടിക്കടുത്ത് അട്ടമലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യാന്‍ റിസോര്‍ട്ടുടമകള്‍ കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് അവര്‍ക്കുള്ള താക്കീതായി സ്വകാര്യ റിസോര്‍ട്ടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞിടക്കുകയും മാവോയിസ്റ്റ് നാടുകാണി ഏരിയാകമ്മിറ്റിയുടെ പേരില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ആരേയും പരിക്കേല്‍പ്പിച്ചിട്ടില്ല. അട്ടമലയിലെ ആനക്കുഞ്ചിമൂലയിലുള്ള ലക്ഷ്വറി വില്ലകളിലൊന്നിനു പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ കാരണം വിശദീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ സമീപത്ത് പതിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് ആക്രമണ കാരണം വ്യക്തമായത്.

ആന്ധ്രാ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെത്തുന്ന സഞ്ചാരികള്‍ തൊട്ടടുത്ത ആദിവാസി ഊരിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായും ഇതിന് റിസോര്‍ട്ടുടമകള്‍ ഒത്താശ ചെയ്യുന്നതായും പോസ്റ്ററില്‍ ആരോപണമുണ്ട്. ആദിവാസി ഊരുകളോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകള്‍ നിര്‍ത്തലാക്കണമെന്നാണ് ഇവരുടെ ആവശ്യം. മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Top