ഷെഹലയുടെ മരണം; വയനാട് കളക്ട്രേറ്റിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്‌ ; സംഘര്‍ഷം

വയനാട്: വയനാട് കലക്ടറേറ്റിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു. അതേസമയം ഷെഹലയുടെ മരണത്തില്‍ ദേശീയ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഷഹലയുടെ മരണത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടില്‍ ഡിഎംഒ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പിച്ചു മാത്രമല്ല സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ശുപാര്‍ശയുണ്ട്. കൃത്യമായ മരുന്ന് നല്‍കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. അതേസമയം നിയമസംവിധാനങ്ങളും ഈ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. ഷെഹലയുടെ മരണത്തില്‍ ലീഗല്‍ സര്‍വ്വീസ് സെക്രട്ടറി കെ.സുനിത ആരോപണവിധേയരായ അധ്യാപകരുടെ മൊഴിയെടുത്തു.

അതേസമയം സംഭവത്തില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി എ. ഹാരീസ് അന്വേഷണം തുടങ്ങി. സര്‍വജന സ്‌കൂളില്‍ പരിശോധന നടത്തിയ അദ്ദേഹം സ്‌കൂളിലെ മോശപ്പെട്ട ഭൗതിക സാഹചര്യം നേരില്‍ കണ്ട് മനസിലാക്കി. ഉച്ചയ്ക്കുശേഷം കല്പറ്റയില്‍ അദ്ദേഹം ഉന്നതതലയോഗം വിളിച്ചു.

കലക്ടര്‍, ഡിഡിഇ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ , പിടിഎ പ്രസിഡന്റ് , സ്ഥലം എസ്‌ഐ എന്നിവരും പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുമെന്നും ഒരു സ്‌കൂളിലും ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top