തമിഴ് ദമ്പതികളെ ആക്രമിച്ച സംഭവം; ദമ്പതികള്‍ ലോഡ്ജില്‍ നല്‍കിയത് വ്യാജ വിലാസം

കല്‍പ്പറ്റ: വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവാനന്ദനായുള്ള തെരച്ചില്‍ തുടരുന്നു.അതിനിടെ മര്‍ദ്ദനമേറ്റ ദമ്പതികള്‍ താമസിച്ച ലോഡ്ജില്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് റിപ്പോര്‍ട്ട്.

വയനാട് അമ്പലവയല്‍ ടൗണിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരും മുറിയെടുത്തത്. യുവാവിന്റെ ആധാര്‍ കാര്‍ഡ് ആണ് ഇവിടെ നല്‍കിയത്. ഇതില്‍ പാലക്കാട് നൂറടി എന്നാണ് സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അമ്പലവയല്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള ഒരു സംഘം പാലക്കാട് എത്തി അന്വേഷിച്ചെങ്കിലും ഇങ്ങനെ ഒരു സ്ഥലമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അതേമസയം സജീവാനന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകന്‍ മുഖേന കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സജീവാനന്ദിനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സജീവാനന്ദന്‍ ജില്ല വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി കര്‍ണാടകയിലേക്കോ, തമിഴ്നാട്ടിലേക്കോ കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം പ്രതിയുടെ ബന്ധുവീടുകളിലും മറ്റും വ്യാപക തെരച്ചില്‍ നടത്തിയ അന്വേഷണ സംഘം ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.

അതേ സമയം മര്‍ദ്ദമേറ്റിട്ടും പരാതി നല്‍കാതെ സ്ഥലം വിട്ട യുവതിയെയും യുവാവിനെയും കണ്ടെത്താനും പോലീസിനായിട്ടില്ല. ഇവര്‍ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Top